1996-ലെ വിമാന വെടിവെപ്പ്: മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി അമേരിക്ക

 
23333

മുപ്പത് വർഷം മുൻപ് അമേരിക്കൻ പൗരന്മാർ സഞ്ചരിച്ചിരുന്ന രണ്ട് ചെറുവിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗൾ കാസ്ട്രോയ്ക്കെതിരെ (94) കൊലക്കുറ്റം ചുമത്തി അമേരിക്ക. യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് റൗൾ കാസ്ട്രോയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മേൽ ട്രംപ് ഭരണകൂടം കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.

റൗൾ കാസ്ട്രോയ്ക്ക് പുറമെ അഞ്ച് ക്യൂബൻ ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎസ് പൗരന്മാരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന, വിമാനം തകർക്കൽ, നാല് പേരെ ആസൂത്രിതമായി കൊലപ്പെടുത്തൽ എന്നിവയാണ് കുറ്റങ്ങൾ. അർമാൻഡോ അലക്സാന്ദ്രെ ജൂനിയർ, കാർലോസ് ആൽബർട്ടോ കോസ്റ്റ, മാരിയോ മാനുവൽ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

1996 ഫെബ്രുവരിയിൽ ഫ്ലോറിഡയ്ക്കും ക്യൂബയ്ക്കും ഇടയിലുള്ള വ്യോമാതിർത്തിയിൽ വെച്ച് ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ (Brothers to the Rescue) എന്ന ക്യൂബൻ-അമേരിക്കൻ സംഘടനയുടെ രണ്ട് വിമാനങ്ങൾ ക്യൂബൻ സൈന്യം വെടിവെച്ചിട്ട കേസിലാണ് നടപടി. സംഭവത്തിൽ മൂന്ന് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വിമാനം വെടിവെച്ചിടുമ്പോൾ ക്യൂബയുടെ സായുധ സേനയുടെ തലവനായിരുന്നു റൗൾ കാസ്ട്രോ.

Tags

Share this story

From Around the Web