ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാർലമെന്റിൽ വലിയ രാഷ്ട്രീയ പോർവിളികൾക്ക് വഴിതുറന്ന വനിതാ സംവരണ ഭേദഗതി ഉൾപ്പെടെയുള്ള മൂന്ന് നിർണ്ണായക ബില്ലുകളിന്മേൽ ലോക്സഭയിൽ ചർച്ച ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾക്ക് അവതരണാനുമതി ലഭിച്ചത്. ബില്ലുകളിന്മേൽ 18 മണിക്കൂർ നീളുന്ന മാരത്തൺ ചർച്ചയ്ക്കൊടുവിൽ നാളെ വൈകീട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു.
1949 മുതൽ രാജ്യം ആവശ്യപ്പെടുന്ന വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നത് ചരിത്രപരമായ നീക്കമാണെന്ന് ബിൽ അവതരിപ്പിച്ച നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. മോദി സർക്കാർ സ്ത്രീശക്തിക്കൊപ്പം നിൽക്കുന്നു എന്നതിന്റെ തെളിവാണിത്. എ.പി.ജെ അബ്ദുൾ കലാം കണ്ട സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും മണ്ഡല പുനർനിർണ്ണയത്തിൽ ഒരു സംസ്ഥാനത്തിനും സീറ്റുകൾ നഷ്ടമാകില്ലെന്നും അദ്ദേഹം സഭയിൽ ഉറപ്പുനൽകി.
ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു. മണ്ഡല പുനർനിർണ്ണയത്തിന് വേണ്ടിയാണ് വനിതാ സംവരണം ഉപയോഗിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. ബിൽ മുസ്ലിം സംവരണം ഇല്ലാതാക്കാനാണെന്നും ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾക്ക് അമിതാധികാരം നൽകി ജനാധിപത്യം തകർക്കാനുള്ള നീക്കമാണെന്നും അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. ഫെഡറലിസത്തിനും സാമൂഹ്യനീതിക്കും എതിരാണ് ബില്ലെന്ന് കെ. രാധാകൃഷ്ണൻ (സിപിഎം) പറഞ്ഞു. ബിൽ സ്ത്രീവിരുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസും നിലപാടെടുത്തു.
നാളെ വൈകീട്ട് നാല് മണിക്ക് നടക്കുന്ന വോട്ടെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്. അവതരണവേളയിൽ കണ്ട അതേ പോരാട്ടം വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്.