പതിനാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പൺ എഐക്കെതിരെ മാതാപിതാക്കൾ കോടതിയിൽ

 
CHAT

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ് ജിപിടിയാണെന്നാരോപിച്ച് ഓപ്പൺ എഐക്കെതിരെ മാതാപിതാക്കൾ കോടതിയിൽ. മാസങ്ങളോളം നീണ്ട ആത്മഹത്യയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം, ചാറ്റ്ജിപിടി തങ്ങളുടെ മകൻ ആദം റെയ്നിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് ആണ് ഇവരുടെ വാദം. കമ്പനിക്കെതിരെ കലിഫോർണിയ കോടതിയെ ആണ് ഇവർ സമീപിച്ചത്. ആദം, ചാറ്റ് ജിപിടിയുമായി നടത്തിയ ചാറ്റുകൾ തെളിവായി കോടതിയിൽ ഹാജരാക്കി.

കാലിഫോർണിയയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദം ഏപ്രിലിൽ ആണ് തന്റെ കിടപ്പുമുറിയിൽ വച്ച് ജീവനൊടുക്കിയത്. ഇതിനു പിന്നാലെ ആദത്തിന്റെ ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് ചാറ്റ്ജിപിടിയുമായുള്ള സംഭാഷണം കണ്ടത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ് അനുസരിച്ച്, ആദം ഒരു ദിവസം 650 സന്ദേശങ്ങൾ വരെ ചാറ്റ്ബോട്ടുമായി കൈമാറിയിരുന്നതായും അതിൽ ആത്മഹത്യാ രീതികളെക്കുറിച്ചുള്ള വിശദമായ ചർച്ചകളും ഉൾപ്പെട്ടതാണ് പറയുന്നു.

കുട്ടിയെ തടയുന്നതിനു പകരം ചാറ്റ്ബോട്ട് ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന മാർഗനിർദേശങ്ങൾ നൽകിയെന്നാണു കേസ്. അവസാന ചാറ്റുകളിൽ ആദം താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ചാറ്റ്ജിപിടിയോടു വ്യക്തമാക്കിയിരുന്നു. ആളുകളിൽ മാനസികവിധേയത്വം ഉണ്ടാക്കുംവിധമാണ് ചാറ്റ്ജിപിടി രൂപകൽപന ചെയ്തിരിക്കുന്നതെന്നാരോപിക്കുന്ന കേസിൽ ഓപ്പൺ എഐ സിഇഒ സാം ഓൽട്ട്മാനാണു മുഖ്യപ്രതി. മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഓപ്പൺ എഐ, കേസ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുകയാണെന്നു വിശദീകരിച്ചു.

Tags

Share this story

From Around the Web