സംസ്ഥാനത്ത് 16 ശതമാനം വിദ്യാലയങ്ങളിലും ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍.. ഇവയില്‍ മഹാഭൂരിപക്ഷത്തിലും കുട്ടികളെ ഇരുത്തി അധ്യയനം നടത്തുന്നു
 

 
school

കോട്ടയം: സംസ്ഥാനത്ത്  16 ശതമാനം വിദ്യാലയങ്ങളിലും ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍.. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഫിറ്റ്‌നസ് ലഭിക്കാതെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇവയില്‍ മഹാഭൂരിപക്ഷത്തിലും കുട്ടികളെ ഇരുത്തി അധ്യയനം നടത്തുന്നുണ്ട്.

കൊല്ലം തേവലക്കര സ്‌കൂളില്‍ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് വ്യാപക ചര്‍ച്ചക്കും പരിശോധനക്കും വഴിവെച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം നിയമസഭയില്‍ സി.ആര്‍. മഹേഷിന്റെ ചോദ്യത്തിന് മന്ത്രി വി. ശിവന്‍കുട്ടി നല്‍കിയ മറുപടിയിലാണ് അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്.

എന്നാല്‍, ഈ അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങങ്ങളില്‍ പരിശോധന നടത്തി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ ഇത്തരം പരിശോധനകള്‍ പേരിനു മാത്രമാണെന്നു ഇതോടെ തെളിയുകയാണ്. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കുട്ടികളുടെ സുരക്ഷയില്‍ വിലയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഈ അധ്യായന വര്‍ഷാരംഭം എല്ലാം കൃത്യമായി നടന്നു എന്നു വരുത്തി തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പ്   ശ്രമിച്ചത്.
 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്‌കൂളുകള്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓരോ അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായും സ്‌കൂള്‍ കെട്ടിടവും ചുറ്റുപാടും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങണം.

എല്ലാ പുതിയ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക. നിലവിലെ സകൂള്‍ കെട്ടിടങ്ങളില്‍ കാലാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്തുകയും ബന്ധപ്പെട്ട സിവില്‍ എഞ്ചിനീയര്‍ സുരക്ഷിതമെന്നു സാക്ഷ്യപ്പെടുത്തുകയും വേണം തീ പിടിക്കാത്തതും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ നിര്‍മ്മാണ സാമഗ്രികള്‍ മാത്രം കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുക. പുതുതായി ക്ലാസുമുറികള്‍ മുകളിലേക്കോ വശങ്ങളിലേക്കോ നിര്‍മിക്കുന്നതിനു മുന്നോടിയായി രൂപകല്‍പ്പന സുരക്ഷിതമെന്നു ബന്ധപ്പെട്ട സിവില്‍ എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തണം.

നിലവിലെ ശിശു-സുരക്ഷാ ശിശു-സൗഹൃദ നിര്‍മാണ രീതികള്‍ അവലംബിക്കുക. എല്ലാ ക്ലാസ് മുറികള്‍ക്കും രണ്ടു വാതിലുകള്‍ വീതം നല്‍കുക. വാതിലുകള്‍ നിര്‍മ്മിക്കുമ്പോള്‍ പുറത്തേക്കോ വരാന്തയിലെക്കോ തുറന്ന സ്ഥലങ്ങലേക്കോ തുറക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുക. അടിയന്തിര ഘട്ടങ്ങളില്‍ ഒഴിപ്പിക്കലിന് ഇത് സഹായകമാകും.

തുടങ്ങി ഭിന്നശേഷി സൗഹൃദ രീതിയില്‍ ക്ലാസുമുറികള്‍ ശൗചാലയങ്ങള്‍ രൂപകല്‍പന ചെയ്യുക. അപകടകരമാം വിധം നിലകൊള്ളുന്ന വൈദ്യുത കമ്പികളും വയറുകളും മറ്റും സുരക്ഷിതമാക്കേണ്ടതണ് തുടങ്ങി 25 പേജുള്ള മാർഗ നിർദേശങ്ങളാണുള്ളത്. എന്നാല്‍, പലതിലും ഇതൊന്നും പാലിച്ചിട്ടില്ല. പുതിയ കെട്ടിടങ്ങളും ഇവ പാലിച്ചു നിർമിക്കാറില്ല. 

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അപകടാവസ്ഥയിലുള്ള 1157 'അണ്‍ഫിറ്റ്' കെട്ടിടങ്ങള്‍ ഉണ്ട്. ഇതില്‍ 891 എണ്ണം  സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. 263 എണ്ണമാണ് എയ്ഡഡ് സ്‌കൂളുകളിലുള്ളത്. അണ്‍ എയ്ഡഡില്‍ മൂന്നെണ്ണം മാത്രവും.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ള സ്‌കൂളുകളുടെ എണ്ണം 5551 ആണ്.  കൊല്ലം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അണ്‍ഫിറ്റ് ഗണത്തിലുള്ളത്, 143 എണ്ണം. ആലപ്പുഴയില്‍ 134ഉം തിരുവനന്തപുരത്ത് 120ഉം കെട്ടിടങ്ങളാണുള്ളത്. അണ്‍ഫിറ്റ് കെട്ടിടങ്ങളുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടെണ്ണം കൊല്ലത്തും ഒന്ന് തൃശൂരിലുമാണ്. വരും നാളുകളില്‍ സുരക്ഷ മുന്‍നര്‍ത്തിയുള്ള നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

ഉപയോഗിക്കാനാകാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടതുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടർ നടപടികൾ വേഗത്തിലാക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

Tags

Share this story

From Around the Web