15,000 ഇരിപ്പിടങ്ങൾ, കൂറ്റൻ പന്തലുകൾ, വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വിവിഐപി നിര, തലസ്ഥാനം ഒരുങ്ങി

 
udf

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം പൂർണ്ണമായും സജ്ജമായി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും ഒരു വലിയ നിര തന്നെയാണ് തിരുവനന്തപുരത്ത് എത്തുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ തിരികെയെത്തും.

കൂടാതെ വിവിധ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തുന്നുണ്ട്: സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മഴ ഭീഷണിയുള്ളതിനാൽ കാണികൾക്ക് ഇരിക്കാനുള്ള ഗാലറിയിലടക്കം താൽക്കാലിക മേൽക്കൂരകൾ സ്ഥാപിച്ചിട്ടുണ്ട്.

ജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന പന്തലിന് പുറമെ രണ്ട് ചെറിയ പന്തലുകൾ കൂടി സ്ഥാപിച്ച് ആകെ 15,000 ഇരിപ്പിടങ്ങൾ മൂന്ന് പന്തലുകളിലായി സജ്ജമാക്കിയിട്ടുണ്ട്. കസേരകൾക്ക് പുറമെ സ്റ്റേഡിയത്തിന്റെ ഗാലറിയിലും ആളുകൾക്ക് ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കാനുള്ള സൗകര്യമുണ്ട്.

യു.ഡി.എഫ് സർക്കാരിന്റെ ജനവിധി ആഘോഷമാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് കോൺഗ്രസ് കമ്മിറ്റികൾ നടത്തിയിട്ടുള്ളത്. നഗരത്തിൽ നേരിട്ടെത്താൻ കഴിയാത്തവർക്കായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണിക്കുന്നതിനായി കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രവർത്തകർക്ക് ചടങ്ങിലേക്ക് എത്തുന്നതിനായി പ്രത്യേക വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് മധുരപലഹാരങ്ങളും പായസ വിതരണവും ഉണ്ടായിരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

Tags

Share this story

From Around the Web