എത്യോപ്യയിൽ പട്ടിണി മൂലം 1,300 മരണം, ഔദ്യോഗിക റിപ്പോർട്ട്
ആഭ്യന്തരസംഘർഷം രൂക്ഷമായ എത്യോപ്യയിലെ വടക്കൻ ടിഗ്രേ മേഖലയിൽ പട്ടിണിയും മരുന്നിന്റെ അഭാവവും മൂലം 1,300 ലധികം അഭയാർഥികൾ മരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ കണക്കുകളാണിത്. ടിഗ്രേ സോഷ്യൽ അഫയേഴ്‌സ് ഓഫീസിലെ ഡയറക്ടർ ഗെബ്രെസെലാസി താരെകെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.
2020 മുതൽ 2022 വരെ നടന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം മേഖലയിൽ ഏകദേശം 10 ലക്ഷത്തോളം ആളുകൾ ഇപ്പോഴും അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഫെഡറൽ ഗവൺമെന്റിൽ നിന്നുള്ള ഫണ്ടിംഗ് നിലച്ചതും അന്താരാഷ്ട്ര സന്നദ്ധസംഘടനകൾ സഹായം കുറച്ചതും സ്ഥിതിഗതികൾ വഷളാക്കി.
യുഎസ്, യുഎൻ തുടങ്ങിയ ഏജൻസികൾ നേരത്തെ ഭക്ഷ്യസഹായം താൽക്കാലികമായി നിർത്തിവച്ചത് മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരുന്നു. ആഫ്രിക്കൻ യൂണിയന്റെ കണക്കനുസരിച്ച് ടിഗ്രേ യുദ്ധത്തിൽ മാത്രം ആറ് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
മേഖലയിൽ രാഷ്ട്രീയസംഘർഷങ്ങൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്രസമൂഹം അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.