നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 130 വിദ്യാർഥികൾക്ക് കൂടി മോചനം
നൈജീരിയയിലെ മധ്യ നൈജർ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 130 സ്കൂൾ വിദ്യാർഥികളെ കൂടി മോചിപ്പിച്ചതായി നൈജീരിയൻ അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം 100 പേരെ മോചിപ്പിച്ചിരുന്നു. നവംബറിലായിരുന്നു നൈജറിലെ സ്‌കൂളിൽ നിന്നും കൂട്ട തട്ടിക്കൊണ്ടുപോകൽ നടന്നത്.
“തട്ടിക്കൊണ്ടുപോകപ്പെട്ട 130 വിദ്യാർഥികളെ വിട്ടയച്ചു. ഒരു വിദ്യാർഥി പോലും തടവിൽ അവശേഷിക്കുന്നില്ല” പ്രസിഡന്റിന്റെ വക്താവ് എക്‌സിൽ മോചിതരായ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ഒരു പോസ്റ്റിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും മോശമായ കൂട്ട തട്ടിക്കൊണ്ടുപോകൽ കഴിഞ്ഞ് ഒരുമാസത്തിന് ശേഷമുണ്ടായ ഈ മോചനത്തെ, സർക്കാർ ‘വിജയത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്.
മോചിതരായ വിദ്യാർഥികളുടെ ആകെ എണ്ണം ഇപ്പോൾ 230 ആണെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. എന്നാൽ കുട്ടികളുടെ മോചനം സർക്കാർ എങ്ങനെയാണ് നേടിയതെന്നോ മോചനദ്രവ്യമായി എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.