വത്തിക്കാനിലേക്കുള്ള 13 അംബാസഡർമാർക്ക് പരിശുദ്ധ സിംഹാസനത്തിന്റെ ബഹുമതി
വത്തിക്കാന്‍ സിറ്റി: രണ്ടുവർഷത്തിലേറെയായി പരിശുദ്ധ സിംഹാസനത്തിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളായി സേവനമനുഷ്ഠിച്ചുവരുന്ന പതിമൂന്ന് അംബാസഡർമാർക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പേരിലുള്ള ഉന്നത ബഹുമതി സമ്മാനിച്ചു.
സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ "സബ്സ്റ്റിറ്റ്യൂട്ട്" സ്ഥാനം വഹിക്കുന്ന ആർച്ച് ബിഷപ്പ് റുഡെല്ലിയാണ് ബഹുമതിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയത്. വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽവെച്ച് ഔദ്യോഗിക ബഹുമതികൾ അംബാസഡർമാർക്ക് നൽകപ്പെട്ടത്.
വത്തിക്കാനിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അംബാസഡറായി സേവനമനുഷ്ഠിക്കുകയോ, സഭയ്ക്കും സമൂഹത്തിനും വിശിഷ്യ സേവനങ്ങൾ നൽകുകയോ ചെയ്യുന്ന പ്രമുഖ വ്യക്തികൾക്ക് നൽകുന്ന പരിശുദ്ധ സിംഹാസനത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ നൈറ്റ് അല്ലെങ്കിൽ ഡാം ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പയസ് IX (GCPO) എന്ന ബഹുമതിയാണ് കഴിഞ്ഞ ദിവസം പതിമൂന്ന് അംബാസഡർമാർക്കും നൽകപ്പെട്ടത്.
പതിനൊന്ന് പുരുഷ അംബാസഡർമാർക്കും രണ്ടു വനിതാ അംബാസഡർമാർക്കുമാണ് പരിശുദ്ധ സിംഹാസനം ഔദ്യോഗിക ബഹുമതികൾ സമ്മാനിച്ചത്.