വടകരയിൽ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവം: 11 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയതു.ബ്ലോക്ക് ഭാരവാഹികൾ അടക്കം 11 ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ബുധനാഴ്ചയാണ് ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് . വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.ഇതിനെതിരെ കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അതേസമയം, വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എംപിയെ പരസ്യമായി തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി ഷൈജു ഇന്നലെ പറഞ്ഞത്.വടകരയിലേത് ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനങ്ങളിൽ വീണു പോകരുതെന്നും ഷാഫിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ പ്രതിഷേധം നടത്തുമെന്നും ഷൈജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
അതിനിടെ, വടകരയിൽ ഇന്നലെ ഷാഫി പറമ്പിലെ ഡിവൈഎഫ്ഐ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധിച്ചു.സ്വരാജ് റൗണ്ടില്‍ പ്രതിഷേധവുമായെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.