സുഡാനിൽ മണ്ണിടിച്ചിലിൽ ആയിരംപേർ മരിച്ചു, ഒരു ഗ്രാമത്തിൽ അവശേഷിച്ചത് ഒരാൾ മാത്രം: അനുശോചനം അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ

പടിഞ്ഞാറൻ സുഡാനിൽ സ്ഥിതി ചെയ്യുന്ന ടാർസിൻ ദ്വീപിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തോളം പേർ മരിച്ചു. നിരവധിപ്പേരെ കാണാതായി. ഒരു ഗ്രാമത്തിൽ അവശേഷിക്കുന്നത് ഒരാൾ മാത്രമാണ്. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ പേറുന്ന സുഡാനിലെ ദുരന്തത്തിൽ പ്രാർഥനയും അനുശോചനവും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ.
രാജ്യത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ആഭ്യന്തരയുദ്ധത്തിനിടയിൽ, ആഗസ്റ്റ് 31 ന് നടന്ന ഈ വിനാശകരമായ ദുരന്തത്തെക്കുറിച്ച് വിമത ഗ്രൂപ്പായ സുഡാൻ ലിബറേഷൻ മൂവ്‌മെന്റ് (SLM) റിപ്പോർട്ട് ചെയ്തു. എൽ-ഒബൈദിലെ ബിഷപ്പ് യുനാൻ ടോംബെ ട്രിൽ കുക്കു അൻഡാലിയെ അഭിസംബോധന ചെയ്ത് കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം സന്ദേശത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദുരിതബാധിതരായ എല്ലാവരോടും പാപ്പ തന്റെ ആത്മീയ സാമീപ്യം അറിയിച്ചു. സിവിൽ അധികാരികൾക്കും അടിയന്തര ജീവനക്കാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും പാപ്പ പ്രാർഥന അറിയിച്ചു. “സുഡാനിൽ ആശ്വാസത്തിന്റെയും ശക്തിയുടെയും ദിവ്യാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ,” പാപ്പ പ്രാർഥിച്ചു.
2023 ഏപ്രിൽ 15 മുതൽ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് “ഹെമദ്തി” ഹംദാൻ ദഗലോയുടെ നേതൃത്വത്തിലുള്ള ഒരു ക്രമരഹിത ഗ്രൂപ്പായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിൽ സുഡാനിൽ സായുധ ഏറ്റുമുട്ടലുകൾ ആരംഭിച്ചു. 2019-ൽ ഏകാധിപതി ഒമർ അൽ-ബഷീറിനെ അട്ടിമറിച്ചതിനുശേഷം സ്ഥാപിതമായ പരിവർത്തന ഭരണകൂടത്തെ ഇരുപക്ഷവും സംയുക്തമായി അട്ടിമറിച്ചു. അവരുടെ ലക്ഷ്യം നേടികഴിഞ്ഞാൽ, രാജ്യത്തിന്റെ സമ്പത്തിന്റെ, പ്രത്യേകിച്ച് സ്വർണ്ണത്തിന്റെയും എണ്ണയുടെയും നിയന്ത്രണത്തിനായി സുഡാൻ സൈന്യവും എഫ്‌എആറും ഏറ്റുമുട്ടൽ തുടരുകയാണ്.