10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിക്കുന്നതായി റിപ്പോര്‍ട്ട്

10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതാി ബൈബിള്‍ ആക്സസ് ലിസ്റ്റിന്റെ റിപ്പോര്‍ട്ട്. ഒരു ക്ലിക്ക് അകലെ ഏത് വിവരവും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും അപ്രതീക്ഷിതമായ ഒരു ക്ഷാമം നിലനില്‍ക്കുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു – അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തിന്റെ ക്ഷാമമാണ്.
ക്രൈസ്തവ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് രൂപം കൊടുത്ത ബൈബിള്‍ ആക്‌സിസ് ലിസ്റ്റ് ഇനിയും ബൈബിള്‍ ആവശ്യമായ പ്രദേശങ്ങള്‍ കൃത്യമായ കണക്കുകളുടെ പിന്‍ബലത്തോടെ കണ്ടെത്തുന്ന പദ്ധതിയാണ്.
രണ്ട് പ്രധാന വെല്ലുവിളികളാണ് എല്ലാവരിലേക്കും ബൈബിള്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വിഘാതമായി നിലകൊള്ളുന്നത് – നിയന്ത്രണവും ക്ഷാമവും. ആദ്യത്തേത് ബൈബിള്‍ സജീവമായി നിരോധിക്കുകയോ സെന്‍സര്‍ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളാണെങ്കില്‍ രണ്ടാമത്തേത്, സ്വതന്ത്ര്യമുണ്ടെങ്കിലും, മാതൃഭാഷയിലുള്ള ബൈബിള്‍ വിവര്‍ത്തനത്തിന്റെ അഭാവം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ കാരണങ്ങളാല്‍ ബൈബിള്‍ ലഭ്യമാവാത്ത സാഹചര്യമാണ്.
പുതുതായി പുറത്തിറങ്ങിയ ബൈബിള്‍ ആക്സസ് ലിസ്റ്റ് 2025 അനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ഇപ്പോഴും അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഭാഷയിലോ ഫോര്‍മാറ്റിലോ തിരുവചനം ലഭ്യമല്ല.
ഇന്റര്‍നാഷണല്‍ ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ് 88 രാജ്യങ്ങളിലായി നടത്തിയ പഠനം, തിരുവചനം ജനങ്ങളിലേക്കെത്തിക്കുന്നതിലെ അസമത്വത്തിന്റെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു. ചില വിശ്വാസികള്‍ക്ക് ബൈബിള്‍ ഇപ്പോഴും വിലക്കപ്പെട്ടിരിക്കുന്നു; മറ്റുള്ളവര്‍ക്ക്, അത് എത്തിപ്പിടിക്കാനാവാത്ത അവസ്ഥയിലാണ്.
സൊമാലിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഉത്തര കൊറിയ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍, ബൈബിളിന്റെ ഒരു പേജ് പോലും കൈവശം വയ്ക്കുന്നത് മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. എന്നാല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, എത്യോപ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ദാരിദ്ര്യം, നിരക്ഷരത, അടിസ്ഥാന അച്ചടി സൗകര്യങ്ങളുടെ അഭാവം, കടലാസുകളുടെ ഉയര്‍ന്ന വില, മാതൃഭാഷയിലുള്ള വിവര്‍ത്തനത്തിന്റെ അഭാവം എന്നിവയാണ് ബൈബിള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അത് അപ്രാപ്യമാക്കുന്നത്.