"വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക'; ഭാര്യയുടെ നിരന്തര ഗാർഹിക പീഡനത്തിന്റെ വീഡിയോ പുറത്തുവിട്ട് യുവാവ്, നിയമപരിരക്ഷ പുരുഷന്മാർക്കും വേണമെന്ന് ചർച്ച
ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരെ മാത്രം ഒതുങ്ങുന്നതല്ലെന്ന യാഥാർഥ്യം അടിവരയിടുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. ഭർത്താവിനെ ഭാര്യ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, പുരുഷന്മാർ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രണ്ടു വർഷത്തോളമായി നേരിടുന്ന അതിക്രമങ്ങൾ യുവാവ് തന്റെ ലാപ്ടോപ്പിൽ പകർത്തുകയായിരുന്നു. തർക്കങ്ങൾക്കിടയിൽ ഭാര്യ ക്രൂരമായി മർദിക്കുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. "വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
ഗാർഹിക അതിക്രമങ്ങളിൽ ഇരകളാക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, സാമൂഹികമായ നാണക്കേട് ഭയന്നു പലരും പുറത്തുപറയാറില്ല എന്നതാണു വാസ്തവം. നിലവിലുള്ള നിയമങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് അനുകൂലമാകുന്പോൾ, അതിക്രമം നേരിടുന്ന പുരുഷന്മാർക്ക് അർഹമായ നിയമസഹായം ലഭിക്കാൻ പ്രയാസമാണെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
വിവാഹത്തോടുള്ള ഭയമാണ് ഒരു വിഭാഗം ആളുകൾ പങ്കുവയ്ക്കുന്നത്. എന്നാൽ, ഇത്തരം സംഭവങ്ങളെ പൊതുവായ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കാനായി ഉപയോഗിക്കരുതെന്ന താക്കീതും ഉയരുന്നുണ്ട്.
ഗാർഹിക പീഡനനിയമങ്ങൾ ലിംഗസമത്വമുള്ളതാകണമെന്നും ആക്രമിക്കപ്പെടുന്നത് പുരുഷനായാലും സ്ത്രീയായാലും നീതി ഒരുപോലെ ലഭ്യമാക്കണമെന്നുമാണ് ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം.
After being abused for the past two years bro recorded these clips on his laptop
— Vishal (@VishalMalvi_) April 23, 2026
Think twice before getting married 🙏 pic.twitter.com/1AQLGWjooU