നിങ്ങള്‍ എല്ലാവരും എന്നെ അവസാനമായി ഒന്നുകൂടി കാണാനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം... നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ സദസിനെ പൊച്ചിട്ടിരിപ്പിച്ച് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍

 
222

പാലാ: നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ സദസിനെ പൊച്ചിട്ടിരിപ്പിച്ചു പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍. ''കര്‍ത്താവേ നിന്റെ ദാസനെ ഇനി സമാധാനത്തില്‍ വിട്ടയക്കേണമേ.. യഹൂദ നിയമപ്രകാരം ഉണ്ണീശോയെ ദേവാലയത്തില്‍ സമർപ്പിക്കുന്നതിനായി മാതാപിതാക്കള്‍ കൊണ്ടു വന്നപ്പോള്‍ വൃദ്ധനായ ശെമയോന്‍ ദിവ്യ ശിശുവിനെ കൈയ്യിലെടുത്ത് പ്രാര്‍ഥനാ പൂര്‍വം ഉരുവിട്ട വാക്കുകളാണിവ.

ഇതേ പ്രാര്‍ഥനയാണ് നൂറു വയസിലേക്ക് പ്രവേശിക്കുന്ന എനിക്കും കര്‍ത്താവിനോട് പ്രാര്‍ഥിക്കുവാനുള്ളത്''. തന്റെ ജന്മദിനാഘോഷ ചടങ്ങിലെ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നര്‍മം കലര്‍ത്തിയുള്ള വാക്കുകേട്ടു സദസില്‍ ഉണ്ടായിരുന്ന സീറോമലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ചിരിയടക്കാനായില്ല.

വിശുദ്ധ ഗ്രന്ഥത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനുഷ്യ ആയുസിനെ കുറിച്ചുള്ള പരാമര്‍ശനം സങ്കീര്‍ത്തനങ്ങളിൽ കാണാന്‍ സാധിക്കും. തൊണ്ണൂറാം സങ്കീര്‍ത്തനത്തില്‍ വായിക്കുന്നതു  ആയുഷ്‌കാലം എഴുപതു വര്‍ഷം ഏറിയാല്‍ എണ്‍പതു വര്‍ഷം. ബൈബിള്‍ സന്ദേശത്തിന്റെ അര്‍ഥമെന്തെന്നു പല ബൈബിള്‍ പണ്ഡിതരോടും ഞാന്‍ അന്വേഷിച്ചു. പക്ഷേ, തൃപ്തികരമായ മറുപടി എനിക്ക് ലഭിച്ചില്ല.

ഒരിക്കല്‍ ഞാന്‍ ഇതേക്കുറിച്ചു സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്: ഓരോരുത്തരും അവരുടെ ജീവിതകാലത്ത് ചെയ്തിട്ടുള്ള തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പാപങ്ങള്‍ക്കും പരിഹാരം ചെയ്യുന്നതിനായിട്ടാണ് ദൈവം എണ്‍പതു വയസില്‍ കൂടുതല്‍ അവര്‍ക്ക് അനുവദിക്കുന്നത്. ഈ വിശദീകരണം ബഹുഭൂരിപക്ഷം ആളുകളെ സംബന്ധിച്ചിടത്തോളം ശരിയാണെന്ന വിശ്വാസം എനിക്കില്ല. എങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഇതു ശരിയാണ്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വന്നുപോയിട്ടുള്ള തെറ്റുകള്‍ക്കും കുറവുകള്‍ക്കും ഉപേക്ഷകള്‍ക്കും എത്രമാത്രം പരിഹാരം ഞാന്‍ ചെയ്തു എന്നതില്‍ എനിക്ക് സംശയമുണ്ട്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ ഞാന്‍ പരിഹാരം ചെയ്യുവാന്‍ ഞാന്‍ ഇനിയും സന്നദ്ധനാണ്. ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്ന എല്ലാ അഥിതികളും പിതാക്കന്‍മാരും എന്നെ അവസാനമായി ഒരിക്കല്‍ കൂടി കാണാമെന്നു കരുതിയാണ് വന്നതെന്നു അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഞാന്‍ നിങ്ങളോട് ഒരു രഹസ്യം വെളിപ്പെടുത്തട്ടേ.., ഞാന്‍ പണ്ടേ കടന്നു പോകേണ്ടതായിരുന്നു... ഇത്രയും കാലം ജീവിച്ചിരുന്നതിന്റെ കാരണം മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ്. എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും എപ്പോഴും ഒരു ദൈവ ദൂതനെപോലെ  അദ്ദേഹം എനിക്ക് സഹായത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സ്‌നേഹവും കരുതലും പരിരക്ഷയുമാണ് എനിക്ക് സമാധാനവും ബലവും നല്‍കിയതെന്നും  മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പറഞ്ഞു.

നൂറാം ജന്മദിനം രൂപതയുടെയും സൺഡേ സ്‌കൂൾ, ചെറുപുഷ്പം മിഷൻലീഗ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബിഷപ്പ് ഹൗസിൽ പള്ളിക്കാപ്പറമ്പിലിനൊപ്പം കേക്ക് പങ്കിട്ടായിരുന്നു ആഘോഷം. സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി രൂപത ബിഷപ്പ് മാർ തോമസ് തറയിൽ, മറ്റ് വൈദികർ, സന്യാസിനി സമൂഹാംഗങ്ങൾ, ജനപ്രതിനിധികൾ പങ്കെടുത്തു.

Tags

Share this story

From Around the Web