നിങ്ങൾ ഒരു ശില പോലെയല്ല, അതിന് മറ്റ് മാർഗമില്ല.സൂര്യൻ അതിൽ പ്രകാശം പൊഴിക്കുന്നു,തിരമാലകൾ അതിൽ ആഞ്ഞടിക്കുന്നു. നിങ്ങൾക്ക് സഞ്ചരിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവസരം ഉണ്ട്- ഇന്നത്തെ ചിന്താവിഷയം
കടൽത്തീരത്തെ ശിലകളെ കണ്ടിട്ടുണ്ടല്ലോ. മലമുകളിലെ ശിലകളെയും കണ്ടിട്ടുണ്ട്. എവിടേക്കും സഞ്ചരിക്കാൻ ആവാതെ ഭൂമിയിൽ ഉറച്ചു കിടക്കുന്ന ഈ പാറകളെ നോക്കൂ. സൂര്യൻ അവയ്ക്ക് മുകളിൽ തീഷ്ണമായ പ്രകാശവും ചൂടും പൊഴിക്കുന്നു. കടലിലെ തിരമാലകൾ ഇവയുടെ മേൽ ആഞ്ഞടിക്കുന്നു.
വർഷപാതത്തിൽ നനഞ്ഞു കുതിർന്നും, മഞ്ഞിൽ തണുത്തു വിറങ്ങലിച്ചും കിടക്കുന്നു. ഈ പാറക്കൂട്ടങ്ങൾക്ക് സഞ്ചരിക്കാൻ കാലുകൾ ഉണ്ടായിരുന്നുവെങ്കിൽ അവ എങ്ങോട്ടെങ്കിലും മാറിപ്പോകുമായിരുന്നു. എന്നാൽ മനുഷ്യർ മഴയും വെയിലും മഞ്ഞും കുളിരും എല്ലാം അനുഭവിക്കുന്നുണ്ടെങ്കിലും മനുഷ്യർക്ക് സഞ്ചരിക്കാൻ സാധിക്കുന്നത് കൊണ്ട് അവൻ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കും. ഇത് കേവലം പ്രകൃതിയുടെ കാലാകാലങ്ങളിൽ ഉള്ള ഇടപെടലുകളാണ് എന്ന് അലങ്കാരികമായി പറയുന്നു എന്നേയുള്ളൂ. മനുഷ്യൻ ശിലയല്ലല്ലോ.
"പാറ പോലെ ഉറച്ച ശരീരമാണ് അവന്റേതെന്നും, പാറ പോലത്തെ ഹൃദയമാണ് അവന്റേതെന്നും" ഒക്കെ ചില ആളുകളെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടാകും. ചില മനുഷ്യരുടെ ശരീരത്തെക്കുറിച്ചും, നിശ്ചയദാർഢ്യത്തെക്കുറിച്ചും ആളുകൾ ഇങ്ങനെ പറയാറുണ്ട്. മനുഷ്യനെ വിഷമിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനേകം സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറില്ലേ. അടിക്കടി പരാജയങ്ങൾ നേരിടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാനും ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനും മനുഷ്യന് സാധിക്കുന്നത് അവന് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ കഴിയുന്നതു കൊണ്ടല്ലേ.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ്റെ മനസ്സിനെ സ്വതന്ത്രമായി സഞ്ചരിക്കാൻ വിടുന്നതുകൊണ്ടാണ്. ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യൻ, ബുദ്ധിമാനായ മനുഷ്യൻ ഏറ്റുമുട്ടേണ്ടി വരുന്നത് അവൻ്റെ വിധിയോടാണ്, അവൻ്റെ ഭാവിയോടാണ്. കൂട്ടലുകളും കിഴിക്കലുകളും തിരുത്തലുകളും നടത്തി മനുഷ്യൻ അവന്റെ സ്വപ്നങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും.
സുഭാഷ് ടി ആർ