"നിങ്ങളുടെ വഴി നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർ നിങ്ങളോടൊപ്പം ഈ വഴിയിലൂടെ നടന്നേക്കാം. പക്ഷേ ഇതുവഴി നിങ്ങൾക്കുവേണ്ടി ആർക്കും നടക്കാൻ കഴിയില്ല"ഇന്നത്തെ ചിന്താവിഷയം

ഓരോ മനുഷ്യർക്കും അവരുടെ ജീവിതയാത്രാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അവരുടേതായ വഴികൾ ഉണ്ടാവും. നിശ്ചിതമായ വഴികളിലൂടെ സഞ്ചരിച്ച് വേണമല്ലോ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടിയെടുക്കേണ്ടത്.
യാത്ര സുഗമമാകാൻ സാധ്യത കുറവുള്ള ഈ പാതയിലൂടെ ഒറ്റയ്ക്കാണ് ഓരോ വ്യക്തിയും കടന്നു പോകേണ്ടത്. ഒട്ടനവധി ദുർഘടങ്ങൾ വഴികളിൽ കാത്തിരിപ്പുണ്ടാവും. ഹിതകരമല്ലാത്ത ധാരാളം അനുഭവങ്ങൾ വഴിയിൽ ഉച്ചവെയിൽച്ചൂടായി പൊള്ളിക്കും.
ഹിംസ്ര ജന്തുക്കളെക്കാൾ ക്രൂരരായ ഇരുകാലി ജന്തുക്കൾ വഴിയോരങ്ങളിലെ മറവുകളിൽ, കുറ്റിക്കാടുകളിൽ ചതികളുടെ വലകൾ വിരിച്ച് തക്കം പാർത്തിരിപ്പുണ്ടാവും. സൗഹൃദ ഭാവേന അടുപ്പം പുലർത്തി പദ്ധതികൾ മനസ്സിലാക്കി ജീവിതം ദുസ്സഹം ആക്കുന്നവരെ തിരിച്ചറിയാൻ സാധിക്കാതെ വരികയും ചെയ്യും.
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ വഴികൾ നിങ്ങളുടേത് മാത്രമാണ് എന്ന് തിരിച്ചറിയുക. യാത്രയിൽ സഹയാത്രികരായി പലരും വന്നേക്കാമെങ്കിലും പാതിവഴിയിൽ അവർ നിങ്ങളെ ഉപേക്ഷിച്ച് പിന്തിരിഞ്ഞു പോകും. നിങ്ങളുടെ വഴിയിലൂടെ മറ്റൊരാൾക്കും നിങ്ങൾക്കുവേണ്ടി സഞ്ചരിക്കാൻ സാധിക്കില്ല എന്ന സത്യം എപ്പോഴും ഓർമ്മയിൽ ഉണ്ടാവണം.
കാരണം നിങ്ങളുടെ ചിന്തകളും നിങ്ങളുടെ പ്രവർത്തികളും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനു വേണ്ടിയുള്ളതാണല്ലോ. അതിൽ മറ്റൊരാൾക്കും ഭാഗഭാക്കാകാൻ സാധിക്കില്ല. ലക്ഷ്യത്തിലെത്താൻ തനിയെ യാത്രചെയ്യുന്നതാണ് എപ്പോഴും നല്ലത് എന്നുകൂടി ഓർക്കുക.
സുഭാഷ് ടിആർ