"നിങ്ങളുടെ കഴിവ് നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിർണ്ണയിക്കുന്നു. നിങ്ങളുടെ പ്രചോദനം നിങ്ങൾ എത്രത്തോളം ചെയ്യാൻ തയ്യാറാണെന്ന് നിർണ്ണയിക്കുന്നു" ഇന്നത്തെ ചിന്താവിഷയം

മനുഷ്യൻ്റെ ജീവിത വിജയത്തിനും പരാജയത്തിനും കാരണങ്ങൾ എന്തായിരിക്കും. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ജീവിത വിജയത്തിൻ്റെ പടവുകൾ കയറിയിട്ടുണ്ട്. അതുപോലെ പരാജയത്തിന്റെ കുഴികളിൽ വീണിട്ടുമുണ്ട്.
ഇന്നത്തെ ചിന്താവിഷയം ചൂണ്ടിക്കാണിക്കുന്നത്, ഒരാളുടെ കഴിവും ഇച്ഛാശക്തിയും മനോഭാവവും ഒരാളുടെ ജീവിത വിജയത്തിന് നിർണായകമാകും എന്നാണ്.
ഒരാളുടെ കഴിവിൽ അയാൾക്ക് ഉറച്ച വിശ്വാസം ഉണ്ടാകണം. മറ്റൊരാൾക്കും ഇല്ലാത്ത കഴിവുകൾ തനിക്ക് ഉണ്ട് എന്ന് സ്വയം മനസ്സിനെ പഠിപ്പിക്കണം. തൻ്റെ മുന്നിൽ പ്രതിസന്ധികളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായാലും അതിനെ തരണം ചെയ്യാൻ ആത്മവിശ്വാസം മനസ്സിൽ ഉണ്ടാക്കിയെടുക്കണം.
ജീവിത വിജയത്തിനായി നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തിനെയും മാതൃകയാക്കാം. മനസ്സിൽ ആഗ്രഹങ്ങൾ മുളയ്ക്കുമ്പോഴാണ് എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് വിചാരിക്കുന്നത്. ഇച്ഛാശക്തിയെ വളർത്തിയെടുത്ത് ലക്ഷ്യത്തിനായി ശ്രമിക്കുക.
ഇച്ഛാശക്തി മാത്രം ഉണ്ടായിരുന്നാൽ പോരല്ലോ. അതോടൊപ്പം ജ്ഞാനശക്തിയും ക്രിയാശക്തിയും സമ്മേളിക്കുമ്പോഴാണ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. അപ്പോൾ നിങ്ങളുടെ മനോഭാവം തന്നെ മാറിയേക്കാം.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ള മനോഭാവം നിങ്ങളെ വിജയസോപാനത്തിൽ എത്തിച്ചിരിക്കും
സുഭാഷ് ടിആർ