"കാലക്രമേണ പല ആശങ്കകളും വെറും നിഴലുകൾ മാത്രമായിരുന്നുവെന്ന് നിങ്ങൾ കാണും. യഥാർത്ഥത്തിൽ ഒരിക്കലും പ്രാധാന്യമില്ലാത്ത കാര്യങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു അവ" ഇന്നത്തെ ചിന്താവിഷയം 

 
thoughts

കഴിഞ്ഞുപോയ നാളുകളിലേക്ക് തിരിഞ്ഞു നോക്കിയാൽ ചിലപ്പോൾ ചിരി വരാം. ആവശ്യമില്ലാത്ത കാര്യങ്ങളെ ഓർത്ത് വിഷമിച്ചത് വെറുതെ ആയിരുന്നല്ലോ എന്നോർക്കുമ്പോഴാണ് ചിരി വരുന്നത്.

മുമ്പ് പലവട്ടം പറഞ്ഞതുപോലെ, "ആറ്റിലെ വെള്ളം വറ്റുകയും അക്കരെ കെട്ടിയിട്ടിരിക്കുന്ന പട്ടിയുടെ തുടൽ പൊട്ടുകയും ചെയ്താൽ" എന്ന് ചിന്തിക്കുന്ന അനേകം മനുഷ്യർ ഇന്നും വളരെയധികം മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നു. അനാവശ്യമായ ഭയവും ഉൽക്കണ്ഠയും ഒട്ടുമിക്ക മനുഷ്യരിലും ഉണ്ടാവും. അത് തികച്ചും അപ്രധാനമായ കാര്യങ്ങളെ ഓർത്ത് ആയിരിക്കുകയും ചെയ്യും.

അടിസ്ഥാനരഹിതമായ ഉത്കണ്ഠകൾ ആയിരുന്നു അതെന്ന് പിന്നീട് കാലം തെളിയിച്ചു കൊടുക്കുമ്പോഴാണ് മനുഷ്യന് ബോധം വരുന്നത്. ഈ നിമിഷം  മുന്നിലുള്ള ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു കാണിക്കുക എന്നതാണ് ബുദ്ധിയുള്ളവർ  ചെയ്യുന്നത്. നടക്കാൻ ഒട്ടും സാധ്യത ഇല്ലാത്ത കാര്യങ്ങളെ ഓർത്ത് ഇവർ ആകുലപ്പെടാറില്ല.

യാതൊരു അടിത്തറയും ഇല്ലാത്ത ഇത്തരം ചിന്തകൾ വെറുതെ സമയം കൊല്ലികളാണ് എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ചിന്തകൾ പേറി നടക്കുന്നവരുടെ കൂടെയുള്ള സഹവാസം മറ്റുള്ളവരെക്കൂടെ കുഴപ്പത്തിലാക്കും. എത്ര പറഞ്ഞു കൊടുത്താലും ബുദ്ധി ഉപദേശിച്ചു കൊടുത്താലും അവർ അനുഭവം കൊണ്ടല്ലാതെ പഠിക്കുകയും ഇല്ല.

വെറും നിഴലുകൾ മാത്രമായിരുന്നു ആശങ്കകളും ഉൽക്കണ്ഠകളുമെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതത്തിലെ കുറെ നല്ല സമയങ്ങൾ കടന്നുപോയേക്കാം.

ഒരിക്കലും അപ്രധാനമായ കാര്യങ്ങളുടെ പുറകെ പോയി മനസ്സ് വിഷമിപ്പിക്കാതിരിക്കുക. ചിന്തകളും പ്രവൃത്തികളും സത്യസന്ധമായിരുന്നാൽ അവിടെ യാതൊരു വിധ ആശങ്കകൾക്കും സ്ഥാനമില്ല എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web