"നിങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്നത് അവസാനിക്കുമ്പോഴാണ് നിങ്ങൾ സംസാരിക്കാൻ തുടങ്ങുന്നത്" ഇന്നത്തെ ചിന്താവിഷയം
എല്ലാ മനുഷ്യർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ഉണ്ട്. നമ്മൾ ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ വ്യക്തി സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യന് താഴെയുള്ള സകലതിനെയും ഇഴകീറി വിമർശിക്കാൻ പ്രബുദ്ധർ എന്ന് സ്വയം അഭിമാനിക്കുന്ന നമ്മൾക്ക് വലിയ മിടുക്കാണല്ലോ.
ആവശ്യത്തിനും അനാവശ്യത്തിനും വാതോരാതെ വർത്തമാനം പറയുവാൻ ഓരോരുത്തരും മത്സരിക്കുന്നതായി തോന്നാറുണ്ട്. ബുദ്ധിജീവികൾ എന്ന് മറ്റുള്ളവർ ചിലർക്ക് ചാർത്തിക്കൊടുത്ത ബിരുദവുമായി നടക്കുന്ന ആളുകൾ മനുഷ്യന് യാതൊരു ഉപകാരവും ഇല്ലാത്ത വർത്തമാനം ആണ് പറയുന്നത്. ഒരു മിനിമം വകതിരിവും
വിവേകവും ഉള്ള സാധാരണ മനുഷ്യർ ഇവരെക്കാൾ എത്രയോ ഭേദമാണ്. ഇത്തരം ബുദ്ധിജീവികളെ കൊണ്ട് നാടിന് യാതൊരു വിധ പ്രയോജനവും ഇല്ലെന്ന് മാത്രമല്ല, ദീർഘവീക്ഷണത്തോടെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ ഒരു പദ്ധതിയും പരിപാടിയും ആസൂത്രണ ചെയ്ത് നടപ്പിലാക്കിയിട്ടുമില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഇവർ കളയാറില്ല. സാധാരണക്കാരനായ ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഗൃഹനാഥനെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന പ്രശ്നങ്ങൾ എത്ര അനായാസമായാണ് പരിഹരിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.? എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത്. ആ പ്രശ്നത്തെ എങ്ങനെ തരണം ചെയ്യാം എന്ന് നമ്മൾ ചിന്തിക്കും.
വളരെ ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യും. നമ്മുടെ ആലോചനകളെയും ചിന്തകളെയും മനസ്സിൽ പൊരുത്തപ്പെടുത്തി, ആ പ്രശ്നങ്ങൾക്ക് ഒരു സമാധാനം കണ്ടെത്തി കഴിയുമ്പോഴാണ് നമ്മൾ സംസാരിക്കാൻ തുടങ്ങുന്നത്. കാര്യമാത്രപ്രസക്തമായ സംസാരം കൊണ്ട് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി ആ വിഷയത്തിന് പരിഹാരം കാണുകയും ചെയ്യും.
സുഭാഷ് ടി ആർ