"നിങ്ങളുടെ ചരിത്രത്തിൽ നിന്നല്ല, നിങ്ങളുടെ ഭാവനയിൽ നിന്നാണ് ജീവിക്കേണ്ടത്"ഇന്നത്തെ ചിന്താവിഷയം
Jul 22, 2025, 06:37 IST

മനുഷ്യ ജീവിതം ഭാവനയുടെ തറിയിൽ നെയ്തെടുക്കുന്ന വസ്ത്രമാണ്. അത് മനോരഞ്ജനമായ നിറങ്ങളോടുകൂടിയ മൃദുലമായ പട്ടുവസ്ത്രമാകണോ അതോ, കമനീയമായ നിറങ്ങൾ ഒന്നും ഇല്ലാത്ത പരുപരുത്ത പരുത്തി വസ്ത്രമാകണോ എന്ന് തീരുമാനിക്കുന്നത് നെയ്ത്ത്കാരായ നമ്മളാണ്.
പൂർവ്വകാല ചരിത്രത്തിൻ്റെ ആലസ്യത്തിൽ ജീവിക്കുന്നവർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. യഥാർത്ഥത്തിൽ നമ്മൾ ജീവിക്കേണ്ടത് ഇന്നലെകളുടെ ഓർമ്മയിൽ നിന്നാകരുത്. ഇന്നലെകൾ പഠിപ്പിച്ച പാഠങ്ങൾ മുന്നോട്ടുള്ള യാത്രയിൽ വെളിച്ചമാകും. എന്നാൽ ജീവിതത്തെക്കുറിച്ച് എല്ലാവരും സ്വപ്നങ്ങൾ കാണാറുണ്ടല്ലോ.
ആ സ്വപ്നങ്ങൾക്ക് ഊടും പാവും നൽകാൻ, നിറക്കൂട്ടുകൾ ചാലിച്ചു ചേർക്കാൻ ഭാവനാ സമ്പൂർണ്ണരായവർക്ക് മാത്രമേ കഴിയൂ. ആ ഭാവനയിൽ നെയ്തെടുത്ത മനോഹരമായ ജീവിതത്തിൽ നിങ്ങൾ എന്നും സന്തുഷ്ടരായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
സുഭാഷ് ടിആർ