"എല്ലാ മനസ്സുകൾക്കും നിങ്ങൾ തൃപ്തി ആകണമെന്നില്ല, പക്ഷേ നിങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാകുന്നവർക്ക് എല്ലാ അളവിലും അപ്പുറമാണ് നിങ്ങൾ" ഇന്നത്തെ ചിന്താവിഷയം
മനുഷ്യരുടെ സ്വഭാവം എത്രയോ വിചിത്രമാണ്. പല നേരങ്ങളിൽ പല സ്വഭാവം പുറത്തെടുക്കുന്നവർ ഉണ്ട്. ഓരോരുത്തരെയും ശ്രദ്ധിച്ചാൽ അത് മനസ്സിലാവും. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടാറില്ല. യാതൊരു മുൻ പരിചയം ഇല്ലാത്ത ആളുകൾ പോലും മറ്റുള്ളവരെ കാണുമ്പോൾ ദേഷ്യത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ടോ.
ഇത്തരം അനുഭവങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിട്ടുണ്ടാവും. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ആർക്കും ജീവിക്കാൻ പറ്റത്തില്ല എന്ന് ആദ്യമേ തന്നെ മനസ്സിലാക്കുക. ആളുകൾ മറ്റുള്ളവരെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ്. മറ്റൊരാളിലെ കുറ്റവും കുറവുമാണ് അവർ ആദ്യം കണ്ടുപിടിക്കുന്നത്. മറ്റുള്ളവരുടെയൊക്കെ പ്രതീക്ഷിക്കൊത്ത് നിങ്ങൾ വളരാത്തത് നിങ്ങളുടെ കുറ്റമല്ല.
അത് നിങ്ങളുടെ സാഹചര്യത്തെയും ബുദ്ധിയെയും കഴിവിനെയും ഒക്കെ ആശ്രയിച്ചാണ് കിടക്കുന്നത്. അവനെക്കൊണ്ട് ഒന്നിനും കൊള്ളത്തില്ല എന്ന് ആളുകൾ പറഞ്ഞോട്ടെ. നിങ്ങൾ അത് കാര്യമാക്കണ്ട. നിങ്ങൾ ആരാണെന്നും നിങ്ങളുടെ സ്വഭാവം എന്താണെന്നും തിരിച്ചറിയാവുന്ന അനേകം ആളുകൾ നിങ്ങളുടെ കൂടെ ഉണ്ടാവുമല്ലോ.
അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവർക്ക് എത്രമാത്രം മൂല്യമുള്ളതാണ് എന്ന് തിരിച്ചറിയണം. നിങ്ങളുടെ ബലവും ബലഹീനതകളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് നിങ്ങളെ അവർ വിലമതിക്കുന്നതും നിങ്ങളിലെ നന്മ കാണുന്നതും എല്ലാം. ഇത്തരം ആളുകൾ സമൂഹത്തിൽ ഉള്ളതാണ് ഓരോ മനുഷ്യനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.
നിങ്ങളെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത ആളുകളെ ഓർത്ത് ഒരിക്കലും തളരാൻ പാടില്ല. നിങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് തന്നെ വിശ്വാസം ഉണ്ടായാൽ മതി. നിങ്ങൾ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാകണം. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, നിങ്ങളുടെ മനസ്സ് അവരുടെ വെറുപ്പിനെയും വിദ്വേഷത്തെയും ചുറ്റിപ്പറ്റി കിടന്ന് വിഷമിക്കാതെ നോക്കുക. മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടിയായിരിക്കരുത് ജീവിക്കുന്നത്. മറിച്ച് നിങ്ങളോട് ചേർന്ന് നിൽക്കുന്നവർ സന്തോഷിക്കണമെങ്കിൽ നിങ്ങൾ നിങ്ങളായി തന്നെ ജീവിച്ച് കാണിക്കുക.
സുഭാഷ് ടിആർ