"സത്യസന്ധത പുലർത്തിയാൽ നിങ്ങൾക്ക് അധികം സുഹൃത്തുക്കളെ ലഭിച്ചേക്കില്ല, പക്ഷേ എപ്പോഴും ശരിയായ സുഹൃത്തുക്കളെ ലഭിക്കും" ഇന്നത്തെ ചിന്താവിഷയം
ഇന്നത്തെ ജീവിത സാഹചര്യത്തിൽ സത്യവും ധർമ്മവും നീതിയും ഒക്കെ പുസ്തകത്താളുകളിലെ പഞ്ചതന്ത്രം കഥകളിലോ, ചിത്രകഥകളിലോ മാത്രമാണ്.
എന്നാൽ അതിനൊന്നും തന്നെ ഇന്നത്തെ മനുഷ്യ മനസ്സിനെ എത്രമാത്രം സ്വാധീനിക്കാൻ കഴിയുമെന്ന് അറിയത്തുമില്ല. ജീവിത പരിതസ്ഥിതിയിൽ വന്ന മാറ്റങ്ങളും, പുതിയ ഭക്ഷണ ശീലങ്ങളും, അത്യന്താധുനികതയുടെ സ്വാധീനവും തുടങ്ങി പലതും മനുഷ്യരിൽ ഉണ്ടാക്കിയ സ്വഭാവ വ്യതിയാനങ്ങൾ ഒക്കെ ആയിരിക്കാം ഇതിന് പിന്നിൽ.
ഈ അഭിപ്രായത്തോട് യോജിക്കുന്നവരും യോജിക്കാത്തവരും ഉണ്ടാകാം. സത്യത്തോട് പുറം തിരിഞ്ഞു നിൽക്കാനാണ് പലർക്കും താൽപര്യം. സ്ഥാപിത താല്പര്യങ്ങൾക്കും, ഇഷ്ട വ്യക്തികളുടെ താല്പര്യങ്ങൾക്കും അനുസൃതമായാണ് ഇന്ന് പൊതുസമൂഹത്തിന്റെ നിലപാടുകൾ. ഏറ്റവും ദയനീയമായ കാര്യം, നിഷ്പക്ഷത പാലിക്കേണ്ട മാധ്യമങ്ങൾ പക്ഷപാതപരമായി പെരുമാറുന്നു എന്നതാണ്.
പത്രധർമ്മം എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളെ, മാധ്യമ ലോകത്തെ മഹത്വവൽക്കരിക്കുന്ന, മഹത്വവൽക്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ, ധർമ്മിഷ്ഠരായ പത്രാധിപന്മാരും, മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന മാധ്യമപ്രവർത്തകരും നിറഞ്ഞ് നിന്നിരുന്ന ഒരു ചരിത്രം പറയാൻ പത്രങ്ങൾക്ക് ഉണ്ടായിരുന്നില്ലേ.
ഇന്ന് സത്യസന്ധതയൊക്കെ മാദ്ധ്യമങ്ങൾ പുലർത്തിയാൽ പത്രത്താളുകളിൽ മഷിപുരളുകയില്ല. ഇത് ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പിടി മുറുക്കി കൊണ്ടിരിക്കുന്ന അധർമ്മത്തിന്റെ തേർവാഴ്ചയാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം, ഇന്ന് സത്യസന്ധനായ ഒരു വ്യക്തിക്ക് അധികം കൂട്ടുകാരെ കിട്ടാനും സാധ്യതയില്ല.
ഓരോരുത്തരും സങ്കുചിത താല്പര്യങ്ങളോടെയാണ്, ആളുകളോട് അടുക്കുന്നതും ജോലികൾ ചെയ്യുന്നതും ചെയ്യിക്കുന്നതും എല്ലാം. അഴിമതിയും സ്വജനപക്ഷപാതവും മൂർദ്ധന്യാവസ്ഥയിലേക്ക് എത്തിയിരിക്കുന്ന കാലവുമാണിത്. നിഷ്പക്ഷത പാലിക്കുന്ന ഒരാൾക്കും ഇന്ന് നിലനിന്നു പോകാൻ സാധിക്കുകയും ഇല്ല. ചേരിചേരാനയങ്ങളുടെ ഒക്കെ കാലം കഴിഞ്ഞുപോയി എന്ന് എല്ലാവരും തിരിച്ചറിയുന്നുമുണ്ട്.
പക്ഷേ, അപ്പോഴും നിഷ്പക്ഷതയും സത്യസന്ധതയും പുലർത്തുന്ന കുറേ ആളുകൾ ഈ ലോകത്ത്, ഈ രാജ്യത്ത്, നമ്മുടെ ചുറ്റും ഉണ്ട് എന്നുള്ളത് പ്രതീക്ഷ നൽകുന്നു. അങ്ങനെയുള്ളവർക്ക് അധികം സുഹൃത്തുക്കൾ ഉണ്ടാകാൻ ഇടയില്ലെങ്കിലും ഉള്ളവർ നല്ല ആളുകൾ തന്നെയായിരിക്കും എന്ന് ഓർക്കുക.
സുഭാഷ് ടിആർ