"പിന്നിലുള്ള വഴി ഇനി പ്രധാനമല്ലാതാകുമ്പോൾ നിങ്ങൾ ശരിയായ പാതയിലാണെന്ന് നിങ്ങൾക്കറിയാം" ഇന്നത്തെ ചിന്താവിഷയം
പതിറ്റാണ്ടുകളിലേക്കും നൂറ്റാണ്ടുകളിലേക്കും തിരിഞ്ഞു നോക്കുമ്പോൾ നമ്മൾക്ക് അത്ഭുതം തോന്നാറില്ലേ. നമ്മൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങളും വേണ്ടെന്നുവച്ച് ജീവിക്കാമോ എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം.
പറ്റത്തില്ല.. പറ്റത്തില്ല എന്ന് എല്ലാവരും പറയും. നമ്മുടെ പൂർവികർ കടന്നു പോന്ന വഴികൾ എത്ര ബുദ്ധിമുട്ടുള്ളതായിരുന്നു എന്ന് നമുക്കിന്ന് തോന്നാം. എന്നാൽ ആ പോരായ്മകളിലും അവർ സന്തോഷവും സമാധാനവും സുഖവും കണ്ടെത്തിയിട്ടുണ്ട്. എത്രയോ നൂറ്റാണ്ടുകൾ എടുത്താണ് മനുഷ്യർ ഇന്നത്തെ "എഐ" യുഗത്തിലെത്തി നിൽക്കുന്നത് എന്നും അറിയാമല്ലോ.
സ്വന്തം തലച്ചോറിലെ ബുദ്ധിയും ചിന്തകളും ഉപയോഗിച്ചാണല്ലോ മനുഷ്യർ ലോകത്ത് ഇത്രയധികം മാറ്റങ്ങളും പുരോഗതിയും കൊണ്ടുവന്നത്. ഇനി കൂടുതൽ ചിന്തിച്ച് തല പുകയ്ക്കേണ്ട, അതെല്ലാം, മനുഷ്യർക്ക് വേണ്ടതെല്ലാം നിർമ്മിത ബുദ്ധിയെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് കരുതിയാണോ നിർമ്മിത ബുദ്ധിയുടെ പുറകെ മനുഷ്യർ പോയത് എന്ന് തമാശയായി ചോദിക്കാൻ ആഗ്രഹിക്കുന്നു. ചക്രങ്ങളുടെ കണ്ടുപിടുത്തം മുതൽ ലോകത്തിന് വേഗത കൂടുകയായിരുന്നുവല്ലോ.
പുരോഗതിക്ക് ഗതിവേഗം കൂടുകയായിരുന്നുവല്ലോ. റേഡിയോയുടെ, ടെലിഫോണിന്റെ, വൈദ്യുതിയുടെ, വാഹനങ്ങളുടെ, വിമാനങ്ങളുടെ, കപ്പലുകളുടെ, യുദ്ധോപകരണങ്ങളുടെ, ആണവ ആയുധങ്ങളുടെ, ലേസർ ആയുധങ്ങളുടെ, മൊബൈൽഫോൺ, കമ്പ്യൂട്ടർ എന്ന് വേണ്ട ഇന്ന് നമ്മൾ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമായ എല്ലാത്തിന്റെയും പുറകിൽ ഒരു വഴിയുണ്ടായിരുന്നു, ഒരു പാതയുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തിന്റെ പാത.
ഓരോ പുതിയ കണ്ടുപിടിത്തങ്ങളും നടക്കുമ്പോൾ പഴയതിനെ ഉപേക്ഷിക്കുകയാണ് ചെയ്തത്. പഴയതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ടത് ആണ് മനുഷ്യർ ആഗ്രഹിക്കുന്നത്. പഴയതിനെ, ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പുരോഗതിയുടെ അടയാളമല്ല എന്ന് ലോകം തിരിച്ചറിഞ്ഞത് മൂലം, പല ഉൽപ്പന്നങ്ങളും ഇന്ന് ആഗോള വിപണിയിൽ മത്സരം നേരിടുകയാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സാധനങ്ങളും, സാമഗ്രികളും മിതമായ വിലക്ക് കൈകളിൽ എത്തുന്നു എന്നതാണ് ഈ മത്സരം കൊണ്ട് ഉപഭോക്താവിനുള്ള നേട്ടം.
ഈ മത്സരത്തിൽ വിജയികളാകുന്നവർ, അവർ കടന്നുവന്ന വഴികളും രീതികളും പ്രധാനം അല്ല എന്ന് കണ്ട് ഉപേക്ഷിച്ച വരാണ്. ശരിയായ പാതയിൽ ആയിരുന്നു തങ്ങളെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുകയായിരുന്നു. മാറ്റങ്ങൾ, പുരോഗതിയ്ക്കും അതിജീവനത്തിനും കൂടിയേ കഴിയൂ. ഉപേക്ഷിക്കേണ്ടവ ഉപേക്ഷിച്ചാൽ നിങ്ങളും ശരിയായ പാതയാണ് തിരഞ്ഞെടുത്തത് എന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ജീവിതത്തിലും ഇതേ പാത പിന്തുടരുന്നത് നല്ലതല്ലേ.
സുഭാഷ് ടിആർ