"ചിലർ നിങ്ങളോട് എങ്ങനെ പെരുമാറുമെന്നോ അവർ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നതെന്നോ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. പക്ഷേ നിങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും"

മനുഷ്യർ സമൂഹത്തിൽ എങ്ങനെയൊക്കെ പെരുമാറും എന്ന് ആർക്കും പ്രവചിക്കാൻ പറ്റത്തില്ല. നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, മനുഷ്യൻ്റെ മനസ്സിലെ നന്മകളൊക്കെ വറ്റി വരണ്ടു.
മനുഷ്യൻ മൃഗതുല്യനായി പരിണമിച്ചു കൊണ്ടിരിക്കുന്നു. മൃഗങ്ങൾ മനുഷ്യരിലും എത്രയോ ഭേദം എന്ന് നല്ല മനുഷ്യർ വിലപിച്ചു തുടങ്ങിയിട്ട് നാളേറെയായി. പെരും നുണയന്മാരും നുണച്ചികളും, ചതിയന്മാരും വഞ്ചകരും വഞ്ചകികളും കൊണ്ട് നാട് നിറഞ്ഞിരിക്കുന്നു. ആരെയും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്.
മനുഷ്യർ ഇന്ന് നമ്മളോട് എങ്ങനെ പെരുമാറുമെന്ന് പറയാൻ സാധിക്കുന്നില്ല. നാളെ എങ്ങനെ പെരുമാറും എന്നും അറിയത്തില്ല. ഇവർ നമ്മളെ കുറിച്ച് എന്താണ് പറയാൻ പോകുന്നതെന്നോ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നോ എന്നും നമുക്ക് അറിയത്തില്ല. എന്നോട് നിങ്ങൾ നല്ല രീതിയിൽ പെരുമാറണം എന്നോ എന്നെക്കുറിച്ച് നല്ലത് പറയണമെന്നോ ഒരാളോട് പറയാൻ പറ്റുമോ.
അവരെ അത്തരത്തിൽ നിയന്ത്രിക്കാൻ പറ്റുമോ. മനുഷ്യൻ്റെ സ്വഭാവ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നതിനാൽ ഒരാളോട് പോലും ഗുണദോഷങ്ങൾ ഉപദേശിക്കാതിരിക്കുന്നതാണ് നല്ലത്. പകരം നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ, ആളുകളോട് പ്രതികരിക്കുന്നത് വളരെ സൂക്ഷിച്ച് വേണം.
മറ്റുള്ളവരുടെ വാക്കുകൾ നമ്മെ മുറിപ്പെടുത്തിയേക്കാം. അവരുടെ പരിഹാസത്തെയും കുത്തു വാക്കുകളെയും അവഗണിക്കാം. കാരണം നമ്മളുടെ പ്രതികരണത്തെ നമുക്ക് മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കുന്നതിലും ഭേദം നമ്മൾ, നമ്മളെ തന്നെ സ്വയം നിയന്ത്രിക്കുന്നതാണ്. രണ്ട് കൈയും കൂട്ടി അടിച്ചാൽ അല്ലേ ശബ്ദം ഉണ്ടാവുകയുള്ളൂ.