"ഉള്ളിൽ ഒരു പോരാട്ടവീര്യമുള്ള നിങ്ങൾക്ക്, എണ്ണമറ്റ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ഉറച്ചുനിൽക്കുക, വിജയം തൊട്ടരികിലാണ്" ഇന്നത്തെ ചിന്താവിഷയം
ജീവിതം എന്നത് വലിയ ഒരു പരീക്ഷണ ശാലയാണ്. എല്ലാവരും ഈ പരീക്ഷണ ശാലയിലെ പരീക്ഷണ വസ്തുക്കളുമാണ്. ഒരേ പോലെയുള്ള ഫലങ്ങൾ ആയിരിക്കുകയില്ല ഈ പരീക്ഷണങ്ങളിൽ നിന്നും കിട്ടുക. കാരണം ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ ആണല്ലോ ഉള്ളത്. ചിലരെ സംബന്ധിച്ചിടത്തോളം ജീവിതയാത്ര കഠിനമായ വഴികളിലൂടെ ആയിരിക്കും. സുഗമമായ വഴികളിൽ നടക്കുന്നവർക്കും കാൽ ഇടറാറുണ്ടല്ലോ.
എന്നാൽ, പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥ പോരാളികൾ. മനസ്സിലെ വാശിയാണ്, ഞാൻ അത് നേടിയെടുക്കും എന്ന ഉറച്ച വാശി, അതല്ലേ നിങ്ങളെ മുന്നോട്ടു നയിക്കുന്നത്. തടസ്സങ്ങൾ, ചുട്ടുപഴുത്ത മണലാരണ്യമായി പരന്നു കിടക്കുമ്പോഴും നിങ്ങൾ അതിനെ ക്ഷമയോടെ താണ്ടിയില്ലേ.
ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ. ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളും, അത് ഉണ്ടാക്കിയ കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുകളും എത്രയോ പ്രാവശ്യം നിങ്ങളുടെ മനസ്സിനെ കീറി മുറിച്ചിട്ടുണ്ടാവും.! കഴിവില്ലാത്തവൻ എന്ന് പറഞ്ഞ് സമൂഹം നിങ്ങളെ ആക്ഷേപിക്കുമ്പോഴും വീഴ്ചകളിൽ തളരാതെ, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തനായി നിങ്ങൾ ഉയർത്തെഴുന്നേറ്റത് അങ്ങേയറ്റത്തെ ആത്മവിശ്വാസം കൊണ്ടാണ്. നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് നിങ്ങളിലെ കഠിനാധ്വാനവും ക്ഷമയും സത്യസന്ധതയും മൂലമല്ലേ.!
ചില അവസരങ്ങളിൽ, തോറ്റുകൊടുക്കണമെന്ന് വിചാരിച്ചത് പ്രതിസന്ധികളുടെ നീണ്ട നിരയെ ഓർത്താണല്ലോ. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ഈ അവസരത്തിൽ, ലക്ഷ്യങ്ങളിൽ നിന്ന് ഒരുകാലത്തും പിന്മാറാതിരിക്കുക, ഉറച്ചുനിൽക്കുക.!
വിജയം നിങ്ങളെ കാത്തിരിക്കുന്നു നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം അനുഭവിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിജയം ഇപ്പോൾ നിങ്ങളുടെ തൊട്ടരികിലുണ്ട്. മനസ്സിൽ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്ന നിങ്ങളെ തേടി അംഗീകാരങ്ങൾ എത്തിക്കഴിഞ്ഞു.
സുഭാഷ് ടിആർ