"ഓരോ ദിവസവും വർഷത്തിലെ ഏറ്റവും മികച്ച ദിവസമാണെന്ന് നിങ്ങളുടെ ഹൃദയത്തിൽ എഴുതിവെക്കുക" ഇന്നത്തെ ചിന്താവിഷയം
പ്രശസ്ത ചിന്തകനായ റാൽഫ് വാൾഡോ എമേഴ്സന്റെ ഈ വാക്കുകൾ നിരാശ നിറഞ്ഞ ജീവിതത്തെ മാറ്റിമറിക്കാൻ പോന്ന ഒന്നാണ്. ഇന്നലെകളിൽ സംഭവിച്ച പാകപ്പിഴകളെ ഓർത്ത് വ്യസനിച്ചും, ഇനിയും വരാനിരിക്കുന്ന നാളെകളെ കുറിച്ചുള്ള ആകാംക്ഷയാലും ആണല്ലോ ഓരോ മനുഷ്യരും ജീവിക്കുന്നത്.
ഇത്തരം മാനസിക സമ്മർദ്ദങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു വ്യക്തി ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇന്നലെകളും നാളെകളും അല്ല യഥാർത്ഥ സന്തോഷം കൊണ്ടുവരുന്നത്. ഇപ്പോൾ ജീവിക്കുന്ന ഈ നിമിഷത്തിലാണ് സന്തോഷം ഉള്ളത്. ഇന്നലെകളെ മറക്കാം. പുതിയ പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേൽക്കുന്നത് പുതിയൊരു തുടക്കത്തിന് വേണ്ടി ആവട്ടെ.
നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുക. ജീവിച്ചിരിക്കുന്നു എന്നത് തന്നെയല്ലേ ഏറ്റവും വലിയ ആശ്വാസവും അനുഗ്രഹവും. അപ്പോൾ തന്നെ ആത്മവിശ്വാസം വർദ്ധിക്കുകയും, ആ ദിവസം ഏറ്റവും മികച്ചതായി മാറുകയും ചെയ്യും. സന്തോഷവും സമാധാനവും നമ്മുടെ ഉള്ളിലാണ്.
രാവിലെ ഉണരുമ്പോൾ ഇന്ന് നല്ലൊരു ദിവസമായിരിക്കും എന്ന് ഹൃദയത്തിൽ ഉറപ്പിച്ചോളൂ. തടസ്സങ്ങളെല്ലാം മാറി കാര്യങ്ങൾ നമുക്ക് അനുകൂലമായി മാറുന്ന അത്ഭുത ദൃശ്യം കാണാൻ പറ്റും.
സുഭാഷ് ടിആർ