"നീ ദുഃഖിതനായിരിക്കുമ്പോൾ ജീവിതം നിന്നെ നോക്കി ചിരിക്കും. നീ സന്തോഷവാനായിരിക്കുമ്പോൾ ജീവിതം നിന്നെ നോക്കി പുഞ്ചിരിക്കും. നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ ജീവിതം നിന്ന ആദരിക്കും" 

 
people

മനുഷ്യ ജീവിതം ഒരു കൊച്ച് അരുവി  പോലെയാണ്. അതങ്ങനെ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കും. കല്ലുകളും ചപ്പ് ചവറുകളും കൂടി കിടന്ന് ഒഴുക്കിനെ തടസ്സപ്പെടുത്താറുണ്ട്. എന്നാലും അത് ചിലപ്പോൾ പൊട്ടിച്ചിരിച്ചും, ചില സമയങ്ങളിൽ നിശബ്ദമായും ഒഴുക്ക് തുടരും. ജീവിതത്തിൽ നാം അനുഭവിക്കുന്ന സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്ന് ഇതിനുമുമ്പ് പലവട്ടം ഇവിടെ പറഞ്ഞിട്ടുണ്ട്.  

ജീവിതം എന്നും സന്തോഷത്താൽ നിറയണം എന്നാണല്ലോ നമ്മുടെ ആഗ്രഹം. സന്തോഷം ഓരോരുത്തരുടെയും മനസ്സിന്റെ സംതൃപ്തിയുടെ ഏറ്റക്കുറച്ചിൽ പോലെയിരിക്കും. ജീവിതത്തിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ കരുത്തുള്ളവരാണെങ്കിൽ സന്തോഷം പുറകേ ഉണ്ടാവും. പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയത്തിൻ്റെ ആഹ്ലാദമാണ് അത്. നമ്മൾ സന്തോഷിക്കുമ്പോൾ ജീവിതം നമ്മളെ നോക്കി പുഞ്ചിരിക്കുന്നത് നമുക്ക് തന്നെ തിരിച്ചറിയാം.

ഇത്രയും പ്രതിബന്ധങ്ങൾക്കിടയിലും മത്സര ബുദ്ധിയോടെ ജീവിതത്തെ നേരിട്ടതിലുള്ള അഭിമാനം. അതേ സമയം, വിഷമങ്ങളിലും സങ്കടങ്ങളിലും തളർന്നു പോകുന്ന  മനസ്സാണെങ്കിൽ വെയിലത്ത് പറിച്ചിട്ട പൂ പോലെ നമ്മൾ വാടിക്കരിയും. സങ്കടങ്ങളെ നോക്കി അവരുടെ മനസ്സ് പറയുന്നു, " ഇനി എന്നെക്കൊണ്ട് ഒന്നിനും പറ്റത്തില്ല, എനിക്ക് ഒന്നും ചെയ്യാനുള്ള കരുത്തില്ല, ഞാൻ തോറ്റുപോയി" ഇങ്ങനെ പറഞ്ഞ് ഉള്ളിലേക്ക് വലിഞ്ഞ് ഒതുങ്ങുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാവും.

ഒരു പ്രശ്നം ഉണ്ടാവുന്നതിനു തൊട്ടുമുമ്പു വരെ അത്യന്തം ഊർജ്ജസ്വലതയോടെ എല്ലാ കാര്യങ്ങളെയും ആഭിമുഖീകരിച്ചിരുന്ന നമ്മളെ നോക്കി ജീവിതം പൊട്ടിച്ചിരിക്കും,  പരിഹസിച്ച് ചിരിക്കും. ഇതുവരെ നീ ചെയ്ത എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് ആയിരുന്നു. വിജയത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ പ്രതിസന്ധിയിൽ നിരാശനായി, തളർന്നിരിക്കുന്ന നമ്മളെ നോക്കി  ജീവിതം കളിയാക്കിച്ചിരിക്കും.  ജീവിതത്തിൽ ആദരവും അംഗീകാരവും ലഭിച്ചവർ എന്താണ് ചെയ്തത്.  

മറ്റുള്ളവരുടെ സന്തോഷം മാത്രം മുന്നിൽ കണ്ട് അവരെ സന്തോഷിപ്പിക്കുക. സ്വന്തം വിഷമങ്ങളും ദുഃഖങ്ങളും എല്ലാം മാറ്റിവച്ച് അന്യരുടെ കാര്യങ്ങളിൽ സജീവമായി ഇടപെടുമ്പോൾ അത് അവരെ സന്തോഷിപ്പിക്കും. അവരുടെ മനസ്സിൽ സ്വസ്ഥതയും സമാധാനം ഉണ്ടാവും. അപ്പോൾ ജീവിതം നമ്മളെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യും. അതുകൊണ്ട് ജീവിതത്തിൽ എപ്പോഴും സന്തോഷം കണ്ടെത്തുക.

സുഭാഷ് ടി ആർ

Tags

Share this story

From Around the Web