"നിങ്ങൾക്ക് പക്വത വരുമ്പോൾ, കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നതിനേക്കാൾ നല്ലത് മൗനമാണെന്ന് നിങ്ങൾ മനസ്സിലാക്കും" ഇന്നത്തെ ചിന്താവിഷയം
ഒന്നും രണ്ടും പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നതല്ലേ.! അത് ശരിയാണല്ലോ എന്ന് ഇപ്പോൾ ആലോചിക്കുന്നുണ്ടാവും. വാക്കുകൾ കൂരമ്പുകൾ ആകുമ്പോൾ, മൗനം സമാധാന ദൂതനാകുന്നു. നമ്മൾ പലപ്പോഴും പറയാറില്ലേ, ചോരത്തിളപ്പുള്ള പ്രായത്തിൽ എന്ത് ചെയ്യാനും എന്ത് പറയാനും ഒരു മടിയും ഇല്ലായിരുന്നു എന്ന്. പ്രായം ഏറെ ചെല്ലുമ്പോൾ, കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കാത്തവർ ആരാണ് ഉള്ളത്.
ഇന്ന് നിങ്ങൾ കൈവരിച്ച പക്വത, സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയെടുത്തതല്ലേ. ആ ചോരത്തിളപ്പുള്ള പ്രായത്തിൽ ഇന്നത്തെ പക്വത ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം എങ്കിലും ആലോചിക്കാത്തവരും ഉണ്ടാവുകയില്ല. ആ തിരിച്ചറിവാണ്, മിക്ക സന്ദർഭങ്ങളിലും കാര്യങ്ങൾ വിശദീകരിച്ച് മാനം കെടുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ് എന്ന് തോന്നിപ്പിക്കുന്നത്. ആ തോന്നലാണ് നിങ്ങൾ പക്വത ആർജ്ജിച്ചു എന്ന് മനസ്സ് ഓർമ്മിപ്പിക്കുന്നതും.
നമ്മളുടെ ഭാഗം ശരിയാണെന്ന് തർക്കിച്ചു ജയിക്കാനും, ന്യായീകരിക്കാനും വാക്കുകൾ കൊണ്ട് നമ്മൾ യുദ്ധം ചെയ്തിട്ടില്ലേ. ചില ആളുകൾ മനഃപൂർവം നമ്മളെ തോൽപ്പിക്കാൻ വേണ്ടി, വെറുതേ വാദിക്കാൻ വേണ്ടി മാത്രം സംസാരിക്കുന്നവരാണ്. അങ്ങനെയുള്ളവരോട് എന്ത് വിശദീകരണം കൊടുത്താലും സമയവും ഊർജ്ജവും നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫലവുമില്ല.
അവിടെയാണ് മൗനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. മിണ്ടാതിരിക്കുന്നത് നമ്മുടെ മാനസിക സമാധാനത്തിന് നാം നൽകുന്ന വിലയാണ്. വിവാദ വിഷയങ്ങളിൽ
മിണ്ടാതിരുന്നാൽ നമ്മൾ നമ്മളെ തന്നെയാണ് സംരക്ഷിക്കുന്നതെന്ന് പിന്നീട് മനസ്സിലാകും.
സുഭാഷ് ടിആർ