"നിങ്ങളുടെ സമയം നല്ലതായിരിക്കുമ്പോൾ, നിങ്ങളുടെ തെറ്റുകൾ ഒരു തമാശയായി കാണുന്നു. എന്നാൽ നിങ്ങളുടെ സമയം മോശമാകുമ്പോൾ, നിങ്ങളുടെ തമാശകൾ പോലും തെറ്റുകളായി ശ്രദ്ധിക്കപ്പെടുന്നു" ഇന്നത്തെ ചിന്താവിഷയം 
 

 
thoughts

ഇത്രയേ ഉള്ളൂ മനുഷ്യൻ്റെ കാര്യം എന്ന് ഓർക്കുന്നത് നല്ലതാണ്. മാമ്പഴക്കാലം കഴിഞ്ഞാൽ മാവിൻ ചുവട് ആളനക്കം ഇല്ലാതെ ശൂന്യമാകുന്നത് പോലെയാണ് മനുഷ്യജീവിതവും. എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അധികാരവും പണവും കയ്യിലുള്ളവരുടെ കൂടെ ആളും ആരവവും എപ്പോഴും ഉണ്ടാവും.

യാതൊരുവിധത്തിലുള്ള നന്മയും സഹജീവി സ്നേഹവും കരുണയും ഇല്ലാത്ത ആളുകൾ ആണെങ്കിൽ കൂടി അധികാരം കയ്യിലുണ്ടെങ്കിൽ, പണം കയ്യിലുണ്ടെങ്കിൽ ആളുകൾ അവരെ ബഹുമാനിക്കും. അത് പേടികൊണ്ടുള്ള ബഹുമാനം ആണ്. ഭയപ്പെടുത്തി ബഹുമാനം ബലമായി വാങ്ങുകയാണ്. താനും തന്റെ ആശ്രിതരും ഒഴിച്ച് ബാക്കിയുള്ളവരോട് പരമ പുച്ഛം.  അധികാരം കയ്യിലുള്ളപ്പോൾ സമയവും നല്ലതായിരിക്കുമല്ലോ. ഈ സമയത്ത് ബോധപൂർവം ചെയ്യുന്ന തെറ്റുകൾ പോലും ലോകോത്തര നിലവാരമുള്ള തമാശയായി കണ്ട്  ജനം കയ്യടിച്ച് പ്രോത്സാഹിപ്പിക്കും.

അപ്പോൾ ജന്മനാ ഉള്ള അഹങ്കാരവും ധിക്കാരവും ധാർഷ്ട്യവും ഒന്നുകൂടി വിജൃംഭിയ്ക്കും. ഊണിലും ഉറക്കത്തിലും താൻ എന്തോ വലിയൊരു സംഭവമാണ് എന്ന് മറ്റുള്ളവർ കരുതുന്നുണ്ട് എന്ന തോന്നലിൽ കയ്യടി ഒച്ചകൾക്കായി വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കും.  പെരുമ്പറ കൊട്ടിച്ച്, ആർപ്പ് വിളിച്ച്, കുരവയിട്ട്, ആരവാരവും പരിവാരങ്ങളുമായിട്ടായിരിക്കും  എഴുന്നള്ളത്ത്.

എന്നും ഇത് പോലെ ജീവിതം ആസ്വദിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് അട പടലം തകർന്നുവീഴുന്നത്. പണവും അധികാരവും ഇല്ലാതെ വരുമ്പോൾ കൂടെയുള്ളത് കരിനിഴൽ മാത്രമാകും, ഇതൊരു പ്രപഞ്ച നിയമമാണ്. ഈ അവസ്ഥയിൽ  ഒരു തമാശ പറഞ്ഞാൽ അന്ന് നിങ്ങളുടെ തെറ്റുകൾ തമാശയായി കണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവർ ആയിരിക്കും ഏറ്റവും കൂടുതൽ വിമർശിക്കുന്നത്.  

ചലനങ്ങളിലെ അസ്വാഭാവികത പോലും അന്ന് കൂടെ നിന്ന് കയ്യടിച്ചവർ കണ്ടുപിടിക്കും. അവർക്കാണല്ലോ ബലവും ബലഹീനതയും തിരിച്ചറിയാൻ പറ്റുന്നത്. നിവൃത്തികേടുകൊണ്ട് സഹിച്ച മണ്ടത്തരങ്ങൾക്കും ധിക്കാരത്തിനും ധാർഷ്ട്യത്തിനും കണക്ക് തീർത്ത് മറുപടി കിട്ടിയിരിക്കും.

പ്രതിസന്ധികളിൽ  ആരൊക്കെ കൂടെ ഉണ്ടാകുമെന്ന് പറയാൻ പറ്റത്തില്ല. ധനവും ഐശ്വര്യവുമുള്ള കാലത്ത് ആളുകൾ കൂട്ടുകൂടാൻ മത്സരിക്കും. വീഴ്ച വരുമ്പോൾ ഒരാളും കൂടെ ഉണ്ടാവില്ല എന്ന എത്രയെത്ര അനുഭവങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web