"നിങ്ങൾ പ്രശ്നങ്ങൾ മാത്രം കാണുമ്പോൾ, നിങ്ങളുടെ കാഴ്ച വ്യക്തമല്ല" ഇന്നത്തെ ചിന്താവിഷയം
സാമൂഹ്യ ജീവിതത്തിൽ മനുഷ്യർ സ്വീകരിക്കുന്ന നിലപാടുകളെ ചൂണ്ടിക്കാണിക്കുന്ന വരികളല്ലേ ഇത്. ഒരാളുടെ ഉള്ളിലെ വിചാരവികാരങ്ങൾ ആണ് അയാളെയും അയാൾ അടങ്ങുന്ന സമൂഹത്തെയും ലോകത്തെ തന്നെയും രൂപപ്പെടുത്തുന്നത് എന്ന് അറിയാമല്ലോ. ഇന്ന് ഓരോരുത്തരും എത്തിയിരിക്കുന്നതും നേടിയിരിക്കുന്നതും ആയ സ്ഥാനമാനങ്ങൾ അവരുടെ ചിന്തകൾക്ക് അനുസൃതവുമാണ് എന്ന് കാണാം.
മനുഷ്യർക്ക് നെഗറ്റീവ് കാര്യങ്ങളിലേക്ക് പോകുന്നതിനാണ് താല്പര്യം കൂടുതൽ എന്ന് തോന്നാറില്ലേ. എല്ലാ കാര്യങ്ങളിലും നമുക്കെല്ലാവർക്കും അഭിപ്രായങ്ങൾ ഉണ്ടാവും. എന്തിലും ഏതിലും കുറ്റങ്ങളും കുറവുകളും മാത്രം കാണുന്നവർ ഇന്ന് അധികമായിരിക്കുന്നു. ദോഷൈകദൃക്കുകൾ ആയ ഇവർ സമൂഹത്തിൽ എന്നും ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരിക്കും. എല്ലാത്തിനെയും വിമർശിക്കും, പരിഹസിക്കും.
എന്നാൽ അവർ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന വിധത്തിലുള്ള യാതൊരു നടപടികളും കാര്യവും ചെയ്യാൻ അറിയത്തുമില്ല. സ്വന്തം കണ്ണിൽ കോല് ഇരിക്കുമ്പോൾ തന്നെ അന്യന്റെ കണ്ണിലെ കരടിനെ കാണുന്നവരല്ലേ ഇത്തരക്കാർ. ചുറ്റുപാടും പ്രശ്നങ്ങൾ ഉണ്ടാവും, പ്രശ്നങ്ങളോടൊപ്പം തന്നെ അവയ്ക്കുള്ള പരിഹാരങ്ങളും കാണാൻ കഴിയുന്നവരുടേതാണ് ഈ ലോകം. അല്ലാത്തവർ കുറച്ചു കാലം ആളുകളെ കബളിപ്പിച്ചുകൊണ്ട് വിജയിച്ചു എന്ന് കരുതുന്നുണ്ടാവും.
എന്നാൽ സമൂഹത്തിൻ്റെ കണ്ണും കാതും തുറന്നിരിക്കുന്നുണ്ടെന്നും, ഇവരുടെ ഇരട്ടത്താപ്പുകൾ തിരിച്ചറിഞ്ഞ് സമൂഹം ഇവരെ അടിച്ചോടിക്കുന്ന കാലം ആസന്നമാണ് എന്നും മനസ്സിലാക്കാത്തത് ഇത്തരക്കാർ മാത്രമാണ്.
സുഭാഷ് ടിആർ