"നല്ല വാക്ക് പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ, അസ്വീകാര്യമായ വർത്തമാനം പറയുന്നത് മധുരമുള്ള പഴം ഉള്ളപ്പോൾ പച്ചപ്പഴം ഭക്ഷിക്കുന്നത് പോലെയാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
friends

'നല്ല വാക്കോതുവാൻ ത്രാണി ഉണ്ടാവണം' എന്ന ഈ വരി കേട്ടിട്ടുള്ളവർ ധാരാളം ഉണ്ടാവും. സ്കൂളിൽ പ്രാർത്ഥനാ ഗാനത്തിലെ വരികൾ ആണ് ഇത്. മറ്റുള്ളവരെ കുറിച്ച് നല്ല അഭിപ്രായം പറയാൻ വിഷമമുള്ള അനേകം പേരുണ്ട്.

അന്യർ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കാനോ,  അവരെ പ്രോത്സാഹിപ്പിക്കാനോ ലഭിക്കുന്ന അവസരങ്ങളിൽ ഒരിക്കലും ഇവർ അത് ചെയ്യാറില്ല. തന്റെ താല്പര്യം മാത്രം മതി എന്നും മറ്റുള്ളവർക്ക് അതൊന്നും വേണ്ട എന്നും ചിന്തിക്കുന്ന ഋജുവായ മനസ്സുള്ളവരെ നമുക്ക് പരിചയമുണ്ടാകാം.

ചെറുപ്പത്തിലെ ലഭിക്കുന്ന ശിക്ഷണം കൊണ്ടും ഉപദേശങ്ങൾ കൊണ്ടുമാണ് ഒരു കുട്ടി വളർന്ന് വരുമ്പോൾ സൽഗുണ സമ്പന്നൻ ആവുന്നത്. ബാല്യത്തിൽ തന്നെ, കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കുവാൻ, മാതൃകയാകാൻ ഭവനങ്ങളിലെ മുതിർന്നവർക്കേ കഴിയു.

ഇളം മനസ്സുകളിൽ എന്നും ഇടം പിടിക്കുന്നത് ചെറുപ്രായത്തിൽ അവർക്ക് കിട്ടുന്ന നല്ല അനുഭവങ്ങളിൽ നിന്നുമാണ്.  മുത്തശ്ശിയും മുത്തശ്ശനും അനുഭവങ്ങളിൽ നിന്നും  ആർജ്ജിച്ചെടുത്ത, വിദ്യാഭ്യാസത്തിൽ നിന്നും നേടിയെടുത്ത മഹത്തായ അറിവുകൾ പേരമക്കളിലേക്ക് പകർന്നുകൊടുത്ത്, നല്ല ശീലങ്ങൾ അവരിൽ വളർത്തിയെടുക്കേണ്ടതാകുന്നു. ഇന്നത്തെ കാലത്ത് ഇതിനൊന്നും മെനക്കെടാൻ മുത്തശ്ശിക്കും മുത്തശ്ശനും സമയമില്ല.

കുട്ടികൾക്കാകട്ടെ കേട്ടിരിക്കാനുള്ള ക്ഷമയുമില്ല. സമൂഹമാധ്യമങ്ങളിലെ പണ്ഡിതർ പറയുന്നതാണ് ശരി എന്ന് വിശ്വസിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് തിരിച്ചറിവ് എങ്ങനെ കിട്ടാനാണ്. സാമാന്യ മര്യാദയും വകതിരിവും കൈമോശം വന്ന ഒരു തലമുറയോട് കൂടിയാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.

വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കാനാണ് മനുഷ്യർ ഇന്ന് ശ്രമിക്കുന്നത് എന്ന് തോന്നുന്നു. ഒരാൾ നല്ല ഭംഗിയുള്ള യുള്ള വീട് വച്ചാൽ, നല്ല ഒരു ജോലി കിട്ടിയാൽ, വാഹനം വാങ്ങിച്ചാൽ അഭിനന്ദിക്കാം. എന്തെങ്കിലും പുതിയ പദ്ധതികൾ ആരംഭിക്കുകയാണ് എങ്കിൽ അനുഗ്രഹിച്ച് പ്രാർത്ഥിക്കാം. നല്ല വാക്കുകൾ പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാം.

ഉചിതമായ സമയത്ത് പറയേണ്ട വാക്കുകൾ പറയാതെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന, അല്ലെങ്കിൽ അവരെ കുഴപ്പത്തിലാക്കുന്ന വാക്കുകൾ പറയുന്നവരെ എപ്പോഴും സൂക്ഷിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web