"ഇപ്പോഴുള്ള നമ്മളേക്കാൾ മികച്ചവരാകാൻ നമ്മൾ ശ്രമിക്കുമ്പോൾ, നമുക്ക് ചുറ്റുമുള്ളതെല്ലാം മികച്ചതായിത്തീരുന്നു" ഇന്നത്തെ ചിന്താവിഷയം
മാറ്റങ്ങൾ എപ്പോഴും നല്ലതാണ്. അത് ഒന്നിനൊന്നു മെച്ചം ആവുകയാണെങ്കിൽ അതിലേറെ നല്ലതാണ്. ഇന്ന് നമ്മൾ കാണുന്ന ലോകം ഇത്രയും മാറ്റത്തിന് വിധേയമായത്, അതിനെ ഒന്നിനൊന്ന് മെച്ചപ്പെടുത്താനുള്ള ആളുകളുടെ ഇച്ഛാശക്തി കൊണ്ടാണ്.
നമ്മുടെ പരിതസ്ഥിതിയെ നമ്മൾ മെച്ചപ്പെടുത്തുമ്പോൾ നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയും സ്വയം മെച്ചപ്പെടുമെന്നത് പ്രപഞ്ച നിയമമാണ്. ഒരു വ്യക്തി വളർന്നു വരുമ്പോൾ, അവൻ്റെ ശാരീരിക വളർച്ചപോലെ തന്നെ, അവൻ ഭൗതികമായി വളരാനുള്ള സാഹചര്യം അവനു ചുറ്റും ഒരുക്കിയിരിക്കും.
അപ്പോൾ അവൻ്റെ കുടുംബവും വളരുന്നു. കുടുംബം സമൂഹത്തെയും സമൂഹം രാജ്യത്തെയും വളർത്തുന്നു. ആത്മശോധന ചെയ്യുന്ന മനുഷ്യന്, അവൻ്റെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ, ജീവിതം മെച്ചപ്പെടുത്താൻ ഊർജ്ജം ലഭിക്കും.
കുറ്റങ്ങളും കുറവുകളും ഉണ്ടാകുന്നത് ഒരു തെറ്റല്ല. വീഴ്ചകളിൽ നിന്നാണല്ലോ പലരും ഉയിർത്തെഴുന്നേറ്റിട്ടുള്ളത്. വീണിടത്ത് കിടക്കാതെ എഴുന്നേറ്റ് മുന്നോട്ടുപോകാൻ കഴിയണം.
അതിന് ആത്മവിശ്വാസം ഉണ്ടാക്കിയെടുത്താൽ മതി. എല്ലാ വിജയത്തിൻ്റെ പടവുകളിലും ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളതിനാൽ, ദൈവത്തിൻ്റെ കരങ്ങളിൽ സ്വയം സമർപ്പിച്ച് മനസ്സിനെ ബലപ്പെടുത്താം. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കുറച്ച് കൂടി മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി അദ്ധ്വാനിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള പലതും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരും എന്ന് ഓർക്കുക.
സുഭാഷ് ടിആർ