"ജീവിതം നിങ്ങൾക്ക് നേരെ കല്ലെറിയുമ്പോൾ, നിങ്ങൾക്ക് ചുറ്റും മതിലുകൾ പണിയരുത്, പകരം അവയെ നിങ്ങളെത്തന്നെ മികച്ചതാക്കാനുള്ള ചവിട്ടുപടികളായി ഉപയോഗിക്കുക" ഇന്നത്തെ ചിന്താവിഷയം 

 

 
life

ജീവിതം മനുഷ്യർക്ക് നേരെ കല്ലുകളും പൂക്കളും എറിയും. പൂക്കളെക്കാൾ അധികം കല്ലുകൾ കൊണ്ടുള്ള ഏറ് ആയിരിക്കും കിട്ടുക എന്ന കാര്യത്തിൽ സംശയമില്ലല്ലോ. അതായത്, ഓരോരുത്തരും   ജീവിതത്തിൽ  സുഖവും ദുഖവും മാറി മാറി അനുഭവിക്കേണ്ടിവരാറുണ്ട് എന്ന് ചുരുക്കം.

ജീവിതത്തിൽ വിജയിക്കാനുള്ള രഹസ്യം ഇതാണ്. എല്ലാത്തിനെയും സമഭാവനയോടെ കാണുക. സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് കരുതി അതിനെ അഭിമുഖീകരിക്കുക. മനുഷ്യരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. ചിലർ അതിനെയൊക്കെ നിസ്സാരവൽക്കരിച്ച് അതിജീവിയ്ക്കും.

മറ്റ് ചിലർ ആ പ്രശ്നങ്ങളിൽ പെട്ട് ആടിയുലഞ്ഞ് വീഴും. ഏത് പ്രശ്നത്തിനും പരിഹാരമുണ്ട് എന്ന് പ്രകൃതി തന്നെ നമ്മളോട് പറയാറുണ്ട്. കടുത്ത വേനലിൽ ഭൂമിയിലെ സകല ചരാചരങ്ങളും വാടിത്തളരുമ്പോൾ ആശ്വസിപ്പിക്കാനായി  മഴ പെയ്യിക്കും.  കാലാവസ്ഥയിലെ വ്യതിയാനങ്ങൾ അനുസരിച്ച് കാലതാമസം ഉണ്ടായാലും ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കും. ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. എന്നാലും അത് സംഭവിച്ചിരിക്കും.

അതുപോലെയാണ് മനുഷ്യജീവിതവും എന്ന് കരുതുക. ജീവിതത്തിൽ ഒട്ടേറെ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരാറില്ലേ. ആരോപണങ്ങളുടെയും, അധിക്ഷേപങ്ങളുടെയും കൂർത്ത് മൂർത്ത മുള്ളുകൾ മനസ്സിനെ കീറി മുറിച്ചാലും അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോകുന്നവരാണ് ജീവിതത്തിൽ വിജയികൾ ആവുന്നത്.

ജീവിതത്തിന് നേരേ എറിയുന്ന കല്ലുകൾ ഉപയോഗിച്ച് മതിലുകൾ പണിത് അതിൽ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല. ആ കല്ലുകൾ നിങ്ങളുടെ ജീവിത വിജയത്തിനുള്ള ചവിട്ടുപടിയായി ഉപയോഗിച്ച് നടന്ന കയറുക. ജീവിതം സുന്ദരവും സുരഭിലവും ആക്കാൻ നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും കഴിയത്തില്ല എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web