"ജീവിതം ദുഃഖത്തിനുള്ള കാരണങ്ങൾ കൊണ്ടുവരുമ്പോൾ, പുഞ്ചിരിക്കാൻ കൂടുതൽ കാരണങ്ങൾ നൽകി ഉത്തരം നൽകുക" ഇന്നത്തെ ചിന്താവിഷയം
മനുഷ്യരുടെ ജീവിത കാലത്ത് എന്തെല്ലാം പ്രതിസന്ധികളെയാണ് അവൻ നേരിടേണ്ടി വരുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ.? നൂറിൽ തൊണ്ണൂറ്റി ഒൻപതര ശതമാനം മനുഷ്യരും പലപല കാരണങ്ങൾ കൊണ്ട് അസന്തുഷ്ടരാണ്. കാരണം ഇന്ന് ജീവിതം മത്സരമായി മാറി.!
മനുഷ്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം മനുഷ്യരുടെ കൂടെ ഉണ്ടാവുന്നത് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദുഃഖങ്ങളും ആയിരിക്കും. അത് ഇന്നത് ഇന്നത് എന്ന് വേർതിരിച്ച് പറയാൻ സാധിക്കാത്തത് ഓരോരുത്തർക്കും പലതരത്തിലുള്ള തിരിച്ചടികളാണ്, ബുദ്ധിമുട്ടുകളാണ് ജീവിതത്തിൽ നേരിടേണ്ടി വരുന്നത് എന്നുള്ളത് കൊണ്ടാണ്.
മത്സരബുദ്ധിയോടെ പെരുമാറുന്നത് കൊണ്ടാണ് ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാകുന്നത് എന്ന് അറിയാമല്ലോ. കൂടുതൽ പ്രതീക്ഷകൾ വെക്കുന്നതുകൊണ്ടാണ് ദുഃഖങ്ങൾ പുറകെ പുറകെ വരുന്നത്. ദുഃഖിക്കാൻ മനുഷ്യന് എന്തെങ്കിലും കാരണങ്ങൾ വേണമല്ലോ.! സന്തോഷിക്കാനും കാരണങ്ങൾ ഉണ്ടാവണം.
ഒരാളുടെ ജീവിതത്തിൽ സങ്കടമാണോ സന്തോഷമാണോ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് എന്ന് ചോദിച്ചാൽ സങ്കടമാണ് എന്ന് പറയും. പ്രാരാബ്ധങ്ങൾ ഒഴിയാതെ എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചു മരിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഒന്നുമില്ലാതെ ജനിച്ച്, ഒന്നുമില്ലാതെ ജീവിച്ച് യാതൊന്നും ഇല്ലാതെ ജീവിതം അവസാനിയ്ക്കുന്നവർ അനേകരാണ്.
എന്നാൽ സമ്പൽസമൃദ്ധിയുടെ നടുവിൽ ജനിച്ചിട്ടും സന്തോഷം ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്. അവർക്കും ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടി വരാറുണ്ട്. എന്നാൽ ജീവിതയാത്രയിൽ ദുഃഖിക്കാനുള്ള കാരണങ്ങൾ തനിയെ വന്നു ചേരുമ്പോൾ നിരാശപ്പെടരുത്. ആ പ്രതിസന്ധികൾ മറികടക്കാൻ, കൂടുതൽ കൂടുതൽ ശക്തരാകാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.
ഒരു പരാജയവും ഒന്നിന്റെയും അവസാനമല്ല എന്നും ഓർക്കുക. ജീവിതം ദുഃഖിക്കാനുള്ള കാരണങ്ങളുമായി വരുമ്പോൾ അതിനുത്തരം നൽകേണ്ടത് സന്തോഷിക്കാനുള്ള കാരണങ്ങൾ നൽകി തിരിച്ചടിക്കുകയാണ് വേണ്ടത്.
സുഭാഷ് ടിആർ