"എല്ലാം നിങ്ങൾക്ക് എതിരായി തോന്നുമ്പോൾ, വിമാനം കാറ്റിനൊപ്പമല്ല, മറിച്ച് അതിനെതിരെയാണെന്ന് ഓർമ്മിക്കുക" ഇന്നത്തെ ചിന്ത വിഷയം
ഒരു വിജയവും അത്ര എളുപ്പമല്ല എന്ന് അറിയാമല്ലോ. നിതാന്ത ജാഗ്രതയും പരിശ്രമവും വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്തും ഉള്ളവരെ ഒരു പരാജയത്തിനും കിഴ്പ്പെടുത്താൻ ഇന്നുവരെ സാധിച്ചിട്ടില്ല എന്ന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്.
ഏതൊക്കെ പ്രവർത്തികളിൽ മനുഷ്യർ ഏർപ്പെടുന്നുണ്ടോ അവിടെ എല്ലാം ഇത്തരത്തിലുള്ള വെല്ലുവിളികളാണ് ആദ്യം ഉയർന്നു വരിക. വെല്ലുവിളികൾ ഉണ്ടാകും, തടസ്സങ്ങൾ ഉണ്ടാകും എന്നൊക്കെ ഭയപ്പെട്ട് ഇരുന്നു പോയവർ ആരും തന്നെ ഈ ലോകത്ത് ഒന്നും നേടിയിട്ടില്ല.
ഈ ലോകത്ത് ജീവിച്ചിരുന്നതായി ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള സാധാരണ ജനനവും മരണവും എന്നതിനപ്പുറം ഒന്നുമില്ലല്ലോ. പുൽക്കൊടികൾ പോലെ കിളിർത്തും കരിഞ്ഞും, നദികൾ പോലെ നിറഞ്ഞും വറ്റിയും ഉള്ള തനിയാവർത്തനങ്ങളിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ അങ്ങനെ അങ്ങനെ പോകുന്ന ജീവിതങ്ങളെ ആരറിയാനാണ്.? ജീവിതം ഒന്നേയുള്ളൂ എന്ന് ഓർക്കുക. തന്റേടത്തൊടെ ജീവിതത്തെ നയിച്ചാൽ മതി.
ഏത് സാഹചര്യത്തിലും പ്രത്യാശ കൈവിടാതെ ഒഴുക്കിനെതിരെ നീന്താൻ പരിശീലിക്കുക. ഒഴുക്കിനൊപ്പം ആർക്കും സഞ്ചരിക്കാൻ പറ്റുമല്ലോ. അത് വിജയത്തൽ കലാശിക്കുമോ എന്ന് പ്രവചിക്കാൻ പറ്റത്തില്ല.
വിമാനങ്ങളെ നോക്കൂ. അവ എങ്ങിനെയാണ് പറക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.? കാറ്റിനെതിരെ, വായുവിനെ കീറിമുറിച്ച് അല്ലേ അത് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. ജീവിതത്തിൽ തിരിച്ചടികൾ നേരിടേണ്ടി വരുമ്പോൾ, നമ്മൾ ഏർപ്പെടുന്ന കാര്യങ്ങളിൽ പരാജയം സംഭവിക്കുമ്പോൾ വിമാനത്തെ ഓർക്കുക. അത് കാറ്റിനെതിരെയാണ് സഞ്ചരിക്കുന്നത്.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ആർജ്ജിക്കുന്നത് നമ്മുടെ ചുറ്റുപാടുകൾ നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്നാണ് എന്ന് ഓർക്കുക.
പുതിയ വർഷത്തിലെ ഓരോ ദിവസവും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു
സുഭാഷ് ടിആർ