"ഒരു മത്സ്യം ചീയുമ്പോൾ, ആദ്യം നാറുന്നത് അതിൻ്റെ തലയാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
thoughts

ഇതൊരു ആഫ്രിക്കൻ പഴമൊഴിയാണ് എന്ന് അറിയാമല്ലോ. ഇത്, കുടുംബത്തെയും  രാഷ്ട്രീയത്തെയും സമൂഹത്തെയും കമ്പനികളെയും ഒക്കെ ബാധിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നില്ലേ. അച്ചടക്കവും വിശ്വാസ്യതയും സുതാര്യതയും സത്യസന്ധതയും വ്യക്തി ജീവിതത്തിലും   സമൂഹത്തിലും രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബത്തിലും കമ്പനികളിലും എല്ലാം  
ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. പൊതുജനങ്ങൾ ഇടപെടുന്ന സകല മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന കാലമാണല്ലോ ഇത്.

രാഷ്ട്രീയ നേതൃത്വങ്ങൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന കാലവും ആണ് ഇത്. ഭരണാധികാരികൾ ആദർശ ധീരരും സത്യസന്ധരും ആയിരിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, ജനങ്ങൾ വോട്ട് ചെയ്ത് അധികാരം ഏൽപ്പിച്ചു കഴിഞ്ഞാൽ "നിങ്ങളുടെ കടമ കഴിഞ്ഞു, ഇനി നിങ്ങൾക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവും നിയന്ത്രണവും ഇല്ല, ഞങ്ങൾ തീരുമാനിക്കും ഞങ്ങൾ നടപ്പിലാക്കും വേണമെങ്കിൽ നിങ്ങൾ അനുസരിച്ചോ" എന്ന നയമാണ് കാലാകാലങ്ങളിലായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അഴിമതിയും സജനപക്ഷപാതവും നടത്താൻ വേണ്ടി മാത്രമാണോ ഇവരൊക്കെ അധികാരത്തിൽ എത്തുന്നത് എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നേതൃത്വം എടുക്കുന്ന ജനവിരുദ്ധ  നയങ്ങളും ജനദ്രോഹപരമായ നടപടികളും ജനങ്ങൾ ചോദ്യം ചെയ്യുക തന്നെ ചെയ്യും. കാരണം വോട്ടർമാർ നേതാക്കളെയാണല്ലോ വിശ്വസിക്കുന്നത്. അവരുടെ വാക്കുകൾ ആണല്ലോ അവരെ ആകർഷിക്കുന്നത്.  

എന്നാൽ നേതൃത്വം കൈക്കൊള്ളുന്ന മരമണ്ടൻ ആശയങ്ങൾ എല്ലാ മേഖലകളെയും തകരാറിലാക്കും. മൊത്തം തകരാൻ തുടങ്ങുമ്പോൾ ആദ്യം തകരുന്നത് നേതൃത്വം ആയിരിക്കും. ഈ അവസ്ഥ കുടുംബത്തിലാണെങ്കിലും, സമൂഹത്തിലാണെങ്കിലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്. രാജ്യം അരാജകത്വത്തിലേക്ക് പോകും, കുടുംബം ശിഥിലമാകും, സമൂഹം തകർന്നടിയും. ഒരു മത്സ്യം ചീഞ്ഞ് പോകുമ്പോൾ ആദ്യം നാറുന്നത് അതിൻ്റെ തലയാണ് എന്ന ആഫ്രിക്കൻ പഴമൊഴി ഓർക്കുക.

Tags

Share this story

From Around the Web