"നീ എന്ത് ചെയ്താലും അത് നിന്നിലേക്ക് തന്നെ തിരിച്ചു വരും. നല്ലത് ചെയ്യാൻ തിരഞ്ഞെടുക്കുക; നല്ലവനായിരിക്കാൻ തിരഞ്ഞെടുക്കുക" ഇന്നത്തെ ചിന്താവിഷയം
നമ്മൾ ചെയ്യുന്ന പ്രവർത്തികൾ, അത് നല്ലതായാലും ചീത്ത ആയാലും ഒരിക്കൽ നമ്മളിലേക്ക് തന്നെ തിരിച്ചെത്തും എന്നത് പ്രപഞ്ച നിയമമാണ്. ഒരാളുടെ ചിന്തകളും പ്രവർത്തികളും പ്രതിഫലിക്കുന്ന കണ്ണാടിയാണ് അയാളുടെ ജീവിതം. ജീവിതം എന്ന കണ്ണാടിയിൽ നോക്കി ചിരിച്ചാൽ തിരിച്ചു പുഞ്ചിരിക്കുന്നത് കാണാം. ദേഷ്യത്തോടെയും അസൂയയോടെയും നോക്കിയാൽ അതുപോലെതന്നെ തിരിച്ചും കാണാം.
അന്യർക്ക് ഉപകാരം ചെയ്താൽ അതിൻ്റെ ഗുണം, ചെയ്യുന്ന ആളുടെ ജീവിതത്തിലേക്ക് കടന്നുവരും. ദോഷം ചെയ്യുകയാണെങ്കിൽ തിരിച്ചത് തന്നെ ലഭിക്കും. അതിന്റെ ദുരന്തഫലം ദോഷം ചെയ്യുന്ന ആളും അയാളുടെ കൂടെയുള്ളവരും അനുഭവിക്കും. കാഞ്ഞിരക്കുരു എത്രനാൾ പാലിലിട്ടാലും അതിൻ്റെ കൈയ്പ് ശമിക്കുക ഇല്ലല്ലോ.
നമ്മൾ മറ്റുള്ളവരെ സ്നേഹിച്ചാൽ, ബഹുമാനിച്ചാൽ അത് നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും. അവരുടെ ഭാഗത്തുനിന്നും സ്നേഹവും ബഹുമാനവും നമുക്ക് തിരികെ കിട്ടുമ്പോൾ നമ്മുടെ മനസ്സ് ഉല്ലസിക്കില്ലേ. സത്ചിന്തകളും സൽപ്രവർത്തികളും ഏതൊരാളുടെയും മനസ്സിന് ശാന്തിയും സമാധാനവും നൽകും. ആരുടെയും സാഹചര്യങ്ങൾ പലപ്പോഴും അനുകൂലമായിരിക്കില്ല.
എങ്കിലും എല്ലാ സാഹചര്യങ്ങളിലും നന്മ ചെയ്യാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. സ്വാർത്ഥരാകാതെ മറ്റുള്ളവരെ സഹായിക്കാനും, അവരോട് ദയാപൂർവ്വം പെരുമാറാനും പഠിക്കുക. ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് വലിയ കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടല്ല.
കൊച്ചു കൊച്ചു നന്മകൾ ചെയ്താലും അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും, സന്തോഷം ഉണ്ടാവും എന്നോർക്കുക. എപ്പോഴും നല്ല ചിന്തകളും നല്ല പ്രവർത്തികളും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കാം.