"നാം സ്നേഹിക്കുന്ന കാര്യങ്ങളാണ് നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്" ഇന്നത്തെ ചിന്താവിഷയം 
 

 
man

ഒരാൾ ഭാവിയിൽ എന്തായി തീരണമെന്ന് നിർണയിക്കുന്നത്, അയാളുടെ ഉള്ളിലുള്ള ഉൽക്കടമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എന്ന് അറിയാമല്ലോ. നമ്മുടെ ഇഷ്ടങ്ങളെ താലോലിച്ചു സ്വപ്നങ്ങൾ കണ്ട് പ്രവർത്തിക്കുമ്പോൾ അത് നമ്മുടെ കൈവശം എത്തിച്ചേരും.

അല്ലെങ്കിൽ അതിലേക്ക് നമ്മളെ എത്തിക്കും എന്ന് എത്രയോ ആളുകളുടെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. വിത്തുഗുണം പത്തുഗുണം എന്ന് കേട്ടിട്ടില്ലേ. നല്ല വിത്തുകൾ നല്ല വിളവ് നൽകുന്നു. വിത്തുകൾ വിതയ്ക്കുന്ന ഇടവും അതീവ പ്രാധാന്യമുള്ളതാണ്. നല്ല മനസ്സുകളിൽ  വിത്തുകൾ പാകിയാലേ നൂറുമേനി വിളയുകയുള്ളൂ.

കാരണം  ഒരു ചെടിയുടെ വളർച്ച അതിന്റെ വിത്തിനെ ആശ്രയിച്ചിരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ വളർച്ച നമ്മൾ സ്നേഹിക്കുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.നമ്മുടെ  വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും നമ്മുടെ ഉള്ളിലെ ശുഭചിന്തകളാണ്.

അത്തരം പോസിറ്റീവ് ചിന്തകളാണ് ഓരോ മനുഷ്യരെയും  മുന്നോട്ട് നയിക്കുന്നത്. ഉദാഹരണത്തിന്, സിനിമാ മേഖലയിലെ പല നടീനടൻമാരും ചെറുപ്പകാലം മുതലേ അഭിനയത്തെ സ്നേഹിച്ചിരുന്നതായി പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെതന്നെയാണ്, സാഹിത്യകാരന്മാരും ഡോക്ടർമാരും വക്കീലന്മാരും കലാകാരന്മാരും ഭരണകർത്താക്കളും എല്ലാം ഉണ്ടായത്.  

ഒരാൾ എന്തിന് വേണ്ടിയാണോ അദമ്യമായി  ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും, അത് അയാളുടെ  ചിന്തകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജീവിതത്തിൽ  ലക്ഷ്യബോധവും ദിശാബോധവും ഉള്ള ഒരാൾക്ക് അയാളുടെ  ഇഷ്ടങ്ങൾ നേടിയെടുക്കാൻ ഈ  ആത്മവിശ്വാസം സഹായിക്കുന്നു. ഓരോരുത്തരും അവരവർ  ഇഷ്ടപ്പെടുന്ന  മേഖലയിൽ പ്രവർത്തിക്കുമ്പോഴാണ് സന്തോഷവും സമാധാനവും പുരോഗതിയും ഉണ്ടാവുന്നത്. അത് നമ്മുടെ കഴിവുകളെ കൂടുതൽ വെളിച്ചത്തു കൊണ്ടുവരാൻ  സഹായിക്കും. 
ശരിയായ വിത്തുകൾ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ജയ പരാജയങ്ങൾ.

ഒരാൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ അയാളുടെ ഭാവിയും മനോഹരമായിരിക്കും. എന്നാൽ തെറ്റായ കാര്യങ്ങളോടുള്ള അഭിനിവേശം മൂത്ത് ജീവിതം വഴിതെറ്റും. നമ്മുടെ ഉള്ളിൽ നന്മയും അറിവും വിതച്ച് താല്പര്യങ്ങളെ വളർത്തിയെടുക്കാം. നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങളെ തിരിച്ചറിഞ്ഞ്, അവയ്ക്ക് വേണ്ട വെള്ളവും വളവും നൽകി അതിനെ വളർത്തിയാൽ നാം ഓരോരുത്തരും നല്ല വ്യക്തിത്വമുള്ളവരായി മാറും.

 

 

സുഭാഷ് ടിആർ

Tags

Share this story

From Around the Web