"കാര്യങ്ങൾ എളുപ്പമാകുമ്പോൾ നമ്മൾ ഒരിക്കലും വളരില്ല; വെല്ലുവിളികൾ നേരിടുമ്പോൾ മാത്രമേ നമ്മൾ വളരുകയുള്ളൂ"ഇന്നത്തെ ചിന്താവിഷയം

ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തവരെല്ലാം വെല്ലുവിളികളെ, വലിയ രീതിയിലുള്ള വെല്ലുവിളികളെ അതിജീവിച്ച് കയറിയവരാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരെ കുറിച്ച് ഈ അഭിപ്രായം ശരിയാകുമോ എന്ന് അറിയത്തില്ല.
പക്ഷേ സാധാരണയായി നമ്മൾ കണ്ടുവരുന്ന ഒരു കാര്യമുണ്ട്. ധനികരുടെ വീട്ടിൽ പിറന്നവരുടെ പിൻതലമുറക്കാർ പൂർവ്വികർ സമ്പാദിച്ച സ്വത്തുക്കളെല്ലാം ധൂർത്തടിച്ച് നശിപ്പിച്ച് വഴിയാധാരമായി നടക്കുന്നു. ഇത് എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്നുണ്ട് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല.
വളരെ എളുപ്പത്തിൽ കയ്യെത്താവുന്ന ദൂരത്ത് ധനം കുമിഞ്ഞു കിടക്കുമ്പോൾ അതെടുത്ത് വാരിവിതറി, നിഷേധികളാകുന്നവർ ജീവിതത്തിൽ വളർച്ച പ്രാപിക്കുകയില്ല. ഇവരിൽ ദൈവവിശ്വാസവും ലവലേശം ഉണ്ടാകത്തില്ല. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ കഷ്ടപ്പെട്ട് ജീവിക്കുന്നവർ പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ ഉയരങ്ങളിൽ എത്താറുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാതെ, കഴിക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ വിഷമിച്ചവർ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ ചവിട്ടി മെതിച്ച് വിജയത്തിൻ്റെ പടവുകൾ കയറുന്ന കാഴ്ചകൾ നമുക്ക് ചുറ്റുമുണ്ട്.
ഓരോരുത്തർക്കും ഓരോ രീതിയിലുള്ള പ്രതിസന്ധികൾ ആയിരിക്കും ജീവിതത്തിൽ നേരിടേണ്ടി വരിക. ഈശ്വരവിശ്വാസം നെഞ്ചോട് ചേർത്തുവെച്ചാൽ, പ്രതിസന്ധികളെ മറികടക്കാൻ അസാധാരണമായ ശക്തി നേടാൻ പറ്റും.
ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ നമുക്ക് ലഭിച്ചാൽ അതിനൊരു വിലയും കൊടുക്കത്തില്ല. അങ്ങനെ വരുമ്പോഴാണ് നമ്മൾ തളർച്ച നേരിടുന്നത്.
എന്നാൽ ഈ കാര്യങ്ങളെല്ലാം എളുപ്പത്തിൽ, പൈതൃകമായി ലഭിച്ചതാണെങ്കിലും അതുവച്ച് പ്രവർത്തിച്ചും പ്രയത്നിച്ചും കൈയിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടികൾ ഉണ്ടാക്കുന്നവരെയും നമുക്കറിയാം. എന്നിരുന്നാൽ തന്നെയും വെല്ലുവിളികളെ നേരിട്ടാൽ മാത്രമേ നമുക്ക് ജീവിതത്തിൽ വളർച്ച ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കുക.