“മഹത്തായ കാര്യങ്ങൾ നേടിയെടുക്കാൻ നാം പ്രവർത്തിക്കുക മാത്രമല്ല, സ്വപ്നം കാണുകയും വേണം; ആസൂത്രണം ചെയ്യുക മാത്രമല്ല, വിശ്വസിക്കുകയും വേണം” ഇന്നത്തെ ചിന്താവിഷയം
ജീവിതത്തെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കണ്ടവരെല്ലാം വിജയിച്ചിട്ടേ ഉള്ളൂ. ഈ നേട്ടങ്ങൾ കൈവരിച്ചത്, കേവലം അവരുടെ ആഗ്രഹങ്ങൾ കൊണ്ടോ കഠിനാധ്വാനം കൊണ്ടോ മാത്രമല്ല. ഓരോരുത്തരുടെയും മനസ്സിൽ മുള പൊട്ടുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങളാണ് പിന്നീട് വലിയ നേട്ടങ്ങൾക്ക് പ്രചോദനമാകുന്നത്.
സ്വപ്നം കണ്ടാൽ മാത്രം പോരാ അത് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാനുള്ള പ്രയത്നവും ഒപ്പം ഉണ്ടാവണം. ഞാൻ അത് നേടിയെടുക്കും, അത് തന്റെ കൈവശം വന്നുചേരും എന്നുള്ള ഉറച്ച വിശ്വാസവും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ശരിയായ ആസൂത്രണവും ഒന്നിക്കുമ്പോഴാണ് വിജയം അനായാസമാകുന്നത്. എന്നാൽ സ്വപ്നം മാത്രം കണ്ടുകൊണ്ടിരുന്നാൽ ജീവിതത്തിൽ വിജയിക്കാൻ പറ്റത്തില്ല. നേട്ടങ്ങളും വിജയങ്ങളും ഇരുട്ടി വെളുക്കുമ്പോൾ സംഭവിക്കുന്നതല്ലല്ലോ.
കൊച്ചു കൊച്ചു ചുവടുവെപ്പുകൾ ആണ് വലിയ നേട്ടങ്ങളിലേക്ക് നമ്മളെ നയിക്കുന്നത്. എന്താണ് നേടേണ്ടത്, എങ്ങനെ നേടണം, എന്തൊക്കെ തടസ്സങ്ങൾ നേരിടേണ്ടിവരും എന്നൊക്കെ കണക്കുകൂട്ടി കൃത്യമായി ആസൂത്രണം ചെയ്തു മുന്നോട്ട് പോകുമ്പോൾ യാത്ര സുഗമമാവും. വിശ്വാസമില്ലെങ്കിൽ അത് എത്ര നല്ല പദ്ധതിയാണെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടാം.
അതുകൊണ്ടാണ് വിശ്വാസം ഉണ്ടാകണമെന്ന് പറയുന്നത്. അസാധ്യമെന്ന് മറ്റാളുകൾ കരുതുന്ന കാര്യങ്ങൾ, എനിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകുന്നവരാണ് പലപ്പോഴും ചരിത്രത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് എന്നോർക്കുക.
സുഭാഷ് ടിആർ