"നമ്മൾ ഈ ലോകത്തിലൂടെ കടന്നു പോകുന്നത് ഒരിക്കൽ മാത്രമാണ്"ഇന്നത്തെ ചിന്താവിഷയം 
 

 
people

ഈ പ്രപഞ്ചത്തിൽ ജീവനുള്ള ഒരു ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ നമ്മുടെ വാന ശാസ്ത്രജ്ഞർ പ്രപഞ്ചത്തിൽ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ജീവൻ ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് എന്നറിയാമല്ലോ. ഇന്ന് അല്ലെങ്കിൽ നാളെ നമുക്ക് അതിനെക്കുറിച്ച് വ്യക്തമായ മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കാം.

ഭൂമിയിൽ ജന്മമെടുത്ത സകല ചരാചരങ്ങളും ഭാഗ്യം ചെയ്തവരാണ്. പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമാണ് നമ്മുടെ ഭൂമി. ഭൂമിയിലെ വിവിധ രാജ്യങ്ങളും അതിലെ വിവിധ പ്രദേശങ്ങളും കടലും സമുദ്രവും നദികളും ആറുകളും തോടുകളും പർവ്വതങ്ങളും വനങ്ങളും  കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും പക്ഷി മൃഗാദികളും മനുഷ്യരും മഴയും വെയിലും മഞ്ഞും ഇടിയും മിന്നലും കാറ്റും കൊടുങ്കാറ്റും മന്ദമാരുതനും വെയിലും നിഴലും നിലാവും എല്ലാം ഭൂമിയിൽ സമ്മേളിച്ചിരിക്കുന്നു.

ഇതെല്ലാം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് ഭൂമിയിൽ ജനിക്കുന്നത്. എല്ലാ ജീവജാലങ്ങളും ഒരിക്കൽ മാത്രമേ ഈ ഭൂമിയിൽ ജന്മമെടുക്കാറുള്ളൂ എന്ന കാര്യം ഓർക്കണം. അതിൽ ഏറ്റവും ശ്രേഷ്ഠമായ ജീവൻ മനുഷ്യ ജീവനാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതിയുമായി ചേർന്ന്, പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ ആസ്വദിച്ച്, പ്രകൃതി നിയമം അനുസരിച്ച് ജീവിക്കാനാണ് നമ്മളെ മനുഷ്യരായി ഇവിടെ ജനിപ്പിച്ചത്.

മനുഷ്യർ പ്രകൃതിക്ക് വിരുദ്ധമായി ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും തക്കതായ ശിക്ഷ ലഭിക്കാറുണ്ട്. ഈ ഭൂമിയിലെ ജീവജാലങ്ങളിൽ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്ന എല്ലാ പ്രവർത്തികളും ചെയ്യുന്നത് മനുഷ്യർ മാത്രമാണ് എന്ന് ഓർത്തോളൂ. സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്ത് അതിൻ്റെ സന്തുലിതാവസ്ഥയെയും പരിസ്ഥിതിയെയും നശിപ്പിക്കുകയും മറ്റു ജീവജാലങ്ങൾക്ക് ഹാനി ഉണ്ടാക്കുന്ന വിധത്തിൽ ഓരോ പ്രവർത്തികളും ചെയ്തുകൂട്ടുന്നത് മനുഷ്യർ മാത്രമാണ് എന്ന് ഒന്നുകൂടി ആവർത്തിച്ച് പറയുകയാണ്.

മനുഷ്യർക്ക് കിട്ടിയ ഈ ശ്രേഷ്ഠജന്മം പരമാവധി നമുക്കും മറ്റുള്ളവർക്കും പ്രകൃതിക്കും അതിന് സമസ്ത ജീവജാലങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ജീവിക്കാൻ ശ്രമിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. മനുഷ്യൻ്റെ ആർത്തി മൂലം പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ, ഭൂമിയുടെ  സന്തുലിതാവസ്ഥയും, കാലാവസ്ഥയും എല്ലാം മാറിമറിയുന്നത് അനുദിനം നമ്മൾ അനുഭവിക്കുകയാണല്ലോ. ഈ ഭൂമി നാളെയും ഇവിടെ ഇതുപോലെ ഉണ്ടാകണം. ഭൂമി അതിന്റെ ഭംഗിയോടെയും ചാരുതയോടെയും നിലനിൽക്കണം.

നമ്മുടെ പിൻഗാമികൾക്ക് ഈ ഭൂമിയിൽ വസിക്കാൻ അവസരം ഉണ്ടാകണം.  നമ്മൾ ഓരോരുത്തരും ഈ ലോകത്തിലൂടെ കടന്നു പോകുന്നത് ഒരിക്കൽ മാത്രമാണ് എന്ന് സത്യം ഓർത്ത്, നമ്മുടെ പ്രവർത്തികളെ അതിനനുസരിച്ച് ശുദ്ധീകരിക്കാം.

ഈ ഭൂമിയിൽ വീണ്ടും ജനിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ. "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്നാണല്ലോ കവിയ്ക്ക്, ഭൂമിയിൽ വീണ്ടും ജനിച്ച് ജീവിക്കാനുള്ള ആത്മദാഹം കവിതയായി ഒഴുകിയെത്തിയത്. ഇത് കവിയുടെ മാത്രം ആഗ്രഹമല്ല, ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ടിയാണ് കവി ഇത് രചിച്ചത് എന്ന് തോന്നുന്നില്ലേ.

Tags

Share this story

From Around the Web