"വിനയം വലുതാകുമ്പോഴാണ് നാം വലിപ്പത്തോട് ഏറ്റവും അടുത്ത് വരിക"ഇന്നത്തെ ചിന്താവിഷയം

മനുഷ്യരിൽ അടിസ്ഥാനപരമായി മൂന്ന് ഗുണങ്ങൾ ഉള്ളതായി കാണാം. ശ്രീമദ് ഭഗവത്ഗീതയുടെ പതിനാലാം അദ്ധ്യായത്തിൽ "ഗുണത്രയ വിഭാഗ യോഗത്തിൽ" അതിനെക്കുറിച്ച് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.
സത്വഗുണം, രജോ ഗുണം, തമോ ഗുണം എന്നിങ്ങനെയാണ് ഗുണത്രയത്തെ വിഭാഗിച്ചിരിക്കുന്നത്. ഈ മൂന്നു ഗുണങ്ങൾ എല്ലാ വ്യക്തികളിലും അളവുകളിലെ ഏറ്റക്കുറവുകളോടെ കാണപ്പെടുന്നു.
ഒരു മനുഷ്യൻ്റെ സ്വഭാവവും ചിന്തയും പ്രവർത്തിയും ഈ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തമോ ഗുണം അറിവ് ജ്ഞാനം, രജോഗുണം മത്സരം, ആവേശം, ആർത്തി, തമോഗുണം അലസത, അജ്ഞാനം, എന്ന് ചുരുക്കി പറയാം.
പറഞ്ഞ് വരുന്നത് എന്തെന്നാൽ, ഈ മൂന്നു ഗുണങ്ങളിലും പെടുന്ന മനുഷ്യരുടെ സ്വഭാവവും പ്രവൃത്തിയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിവും ജ്ഞാനവും നേടിയ മനുഷ്യൻ കൂടുതൽ വിനയാന്വിതനാവും.
എത്ര ഉയരത്തിൽ എത്തിയാലും ഇവർ അവരുടെ സത്വഗുണത്തിൽ ഉറച്ച് നിന്ന് മാത്രമേ പ്രവർത്തിക്കുകയുള്ളൂ. വലിപ്പച്ചെറുപ്പമില്ലാതെ, മറ്റുള്ളവരോടുള്ള അവരുടെ ഇടപെടൽ അതീവ ഹൃദ്യമായിരിക്കും.
എളിമയോടെയും വിനയത്തോടെയും മാത്രമേ അവർ മറ്റുള്ളവരോട് പെരുമാറുകയുള്ളൂ. അവരുടെ വിനയവും എളിമയും മറ്റുള്ളവരുടെ മുമ്പിൽ അവർക്ക് ഉന്നതമായ നിലയും വിലയും ഉണ്ടാക്കിക്കൊടുക്കും, അത് അവർ ആവശ്യപ്പെട്ടില്ലെങ്കിലും. അതുകൊണ്ട് നമ്മുടെ വിനയം വലുതാവട്ടെ, നമ്മൾക്ക് ഏറ്റവും ഉയരത്തിലേക്ക് അടുക്കാം.
"നീ എത്ര ഉന്നതനാണോ, അത്രമാത്രം വിനീതൻ ആവുക" എന്ന് മൂന്നാം അധ്യായത്തിൽ പതിനെട്ടാം വാക്യത്തിൽ പ്രഭാഷകൻ പറയുന്നത് ഇതിനോട് ചേർത്തു വായിക്കാം.
സുഭാഷ് ടിആർ