"നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. പക്ഷേ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും"ഇന്നത്തെ ചിന്താവിഷയം 

 

 
 love

മറ്റുള്ളവർക്ക് നന്മകൾ ചെയ്യുന്ന അനവധി പേർ ലോകത്തുണ്ട്. പണമോ മറ്റു സാധനസാമഗ്രികളോ നൽകുന്നത് പോലെ തന്നെയാണ് നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതും സ്നേഹത്തോടെ  തലോടുന്നതും. നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻ  പറ്റുന്ന കാര്യങ്ങൾക്ക് പരിമിതികൾ ഉണ്ടാകുമല്ലോ.

നമുക്കറിയാവുന്ന ധാരാളം ആളുകൾ ഉണ്ട്. അവർ മറ്റുള്ളവരുടെ നിസ്സഹായതയെ  കുറിച്ച് സംസാരിക്കുന്നതും, അവരുടെ സങ്കടങ്ങൾ അടുത്തറിഞ്ഞപ്പോൾ അവരെ ആശ്വസിപ്പിച്ചതും  ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. എത്ര ആത്മാർത്ഥമായിട്ടാണ് അവർ അതൊക്കെ ചെയ്യുന്നത് എന്ന് കാണുമ്പോൾ നമ്മൾ അതിശയിച്ച്  പോകും. വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവർക്ക് അതിന് മനസ്സുണ്ടാവത്തുമില്ല.

എന്നാൽ കഴിവും  മനസ്സുമുള്ള നല്ല ആളുകളും ഈ ലോകത്തുണ്ട് എന്ന് പല സംഭവങ്ങളിലൂടെയും നമ്മൾ അറിയുന്നുണ്ട്. "പരോപകാരമേ പുണ്യം" എന്ന് ചിന്തിക്കുകയും മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്ന ഇത്തരം മനുഷ്യർ സമൂഹത്തിൻ്റെ  പ്രതീക്ഷയാണ്. കഴിവുള്ളവർ കഴിവില്ലാത്തവരെ സഹായിക്കുക. അധികാരം കയ്യിലുള്ളവർക്ക്  മറ്റുള്ളവരെ കൈ അയച്ച് സഹായിക്കാനുള്ള മാർഗമുണ്ട്. എന്നാൽ  അധികാരികൾക്ക് ഇത്തരം മനസ്സുണ്ടാവണമെന്നില്ല.

പേരിനും പ്രശസ്തിക്കും വേണ്ടി 10 രൂപയുടെ സഹായം കൊടുക്കുമ്പോൾ 1000 രൂപയുടെ വിളംബരമാണ് നടത്തുന്നത്. അവർക്ക് ലഭിക്കുന്ന സഹായത്തിലൂടെ അവർ അധികാരികളോട് എന്നും കടപ്പാട് ഉള്ളവരായി മാറുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളിലും ഭീഷണിപ്പെടുത്തലുകളിലും കൂടെയല്ലല്ലോ മറ്റുള്ളവർക്ക് സഹായം എത്തിക്കേണ്ടത്.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർക്ക് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കും. അത് ചെയ്തു കൊടുക്കുന്നത് അങ്ങേയറ്റത്തെ സന്തോഷത്തോടെയും, സ്നേഹത്തോടെയും ആണ്. പലപ്പോഴും ചെറിയ ചെറിയ സഹായങ്ങൾ ആയിരിക്കും വലിയ സഹായങ്ങൾക്കും മീതെ എന്നുള്ളത് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web