"ഇരുട്ടിനെ ഭയപ്പെടുന്ന ഒരു കുട്ടിയോട് നമുക്ക് എളുപ്പത്തിൽ ക്ഷമിക്കാൻ കഴിയും, ജീവിതത്തിലെ യഥാർത്ഥ ദുരന്തം മുതിർന്നവർ വെളിച്ചത്തെ ഭയപ്പെടുമ്പോഴാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
man

ഇരുട്ടിനെ എല്ലാവരും ഭയപ്പെടുന്നു. പ്രത്യേകിച്ച് കുഞ്ഞു കുട്ടികൾ. ഇരുട്ട് കണ്ട്  കുട്ടികൾ നിലവിളിക്കാറുണ്ട്. ചെറുപ്രായത്തിൽ ഇരുട്ടിനെ പേടിച്ച് നിലവിളിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. ഇരുട്ടിനെ ഭയക്കുന്ന കുട്ടികളെ നമ്മൾ അനുനയിപ്പിച്ച് അവരുടെ പേടി മാറ്റാറുണ്ടല്ലോ.

എന്നാൽ മുതിർന്നവരെ സംബന്ധിച്ചിടത്തോളം അവർക്ക് വെളിച്ചമാണ് ഭയം ഉണ്ടാക്കുന്നത്. കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കത മുതിർന്നവരിൽ നിന്ന് പ്രതീക്ഷിക്കാൻ പറ്റത്തില്ല.

ഒരാൾ വളരുംതോറും അവൻ്റെ ചെയ്തികൾ, തൻ്റെ ചിന്തകൾക്ക് അനുസരിച്ച് ആയിരിക്കുമല്ലോ. അയാൾ ജീവിച്ചു വരുന്ന സാഹചര്യം, അയാൾ ഇടപെടുന്ന മേഖലകൾ, സുഹൃത്തുക്കൾ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഒരു മനുഷ്യനെ നല്ലവനായും കെട്ടവനായും സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാറുണ്ട്. തന്റെ മുൻകാല പ്രവൃത്തികളെ സമൂഹത്തിനുമുന്നിൽ കൊണ്ടുവരുന്നത് പലർക്കും ഇഷ്ടമല്ല.

അങ്ങനെ ഇഷ്ടപ്പെടാത്തതിന് കാരണം, അവർ ചെയ്ത  പ്രവർത്തികൾ നീതിക്ക് നിരക്കാത്തത് കൊണ്ട്  സമൂഹമെന്ന  വെളിച്ചത്തെ ഭയപ്പെടുന്നു. അങ്ങനെയുള്ളവർക്ക് ഇരുട്ടിനെയാണ് ഇഷ്ടം. ഇതിൻ്റെ മറ്റൊരു വശം കൂടെ ഉണ്ടാകാം. ജീവിതത്തിൽ ദുഃഖങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ അവനും വെളിച്ചത്തെ ഇഷ്ടപ്പെടുന്നില്ല.

അത്തരക്കാർ ഇരുളിനെ  ഇഷ്ടപ്പെടുന്നത് ഇരുട്ടിൽ കരയുമ്പോൾ ആരും കാണുകയില്ലല്ലോ എന്നോർത്തായിരിക്കും. ഇവിടെ ഇരുൾ എന്ന് പറയുന്നത് ഏകാന്തതയാണ്, ഒറ്റപ്പെടലാണ്. ജീവിത ദുഃഖങ്ങൾ,  ജീവിതത്തിലെ പരാജയങ്ങൾ ഇവയൊക്കെ  ആരോടും പങ്കുവെക്കാൻ ഇഷ്ടപ്പെടാതെ, ആരോടും പറയാനാവാതെ സ്വയം നിർമ്മിക്കുന്ന ഇരുട്ടിൽ ഒളിച്ചു താമസിക്കുന്ന അനേകം അനേകം പേർ നമ്മുടെ ചുറ്റുമുണ്ട്.

അവിടെയാണ് കുഞ്ഞുണ്ണി മാഷിൻ്റെ,  "വെളിച്ചം ദുഃഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം" എന്ന വരികളുടെ പ്രസക്തി. ചുരുക്കി പറഞ്ഞാൽ, കുഞ്ഞുങ്ങളുടെ നിഷ്കളങ്കത മൂലമാണ് അവർ ഇരുട്ടിനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നത്.

അതേ നിഷ്കളങ്കത കൊണ്ടാണ് അവർ വെളിച്ചത്തെ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും. അവർ സമൂഹത്തിന് മുമ്പിൽ പാറി പറക്കുന്നതും.  മുതിർന്നവർക്ക് ഒളിക്കാനും ഒളിപ്പിച്ചു വയ്ക്കാനും സമൂഹമെന്ന വെളിച്ചത്തിൽ കഴിയുകയില്ല.

സമൂഹത്തിൻ്റെ കണ്ണും കാതും എപ്പോഴും തുറന്നിരിക്കുന്നത് കൊണ്ട്, ശൈശവ നിഷ്കളങ്കതയോടെ പുറത്തുവരാൻ അവർ ഭയപ്പെടുന്നു. ഇത് അങ്ങേയറ്റം  ദുഃഖകരമായ അവസ്ഥയല്ലേ.!

അതിനാൽ വെളിച്ചത്തെ ഭയക്കാതിരിക്കാൻ, കുട്ടികളെ പോലെ നിഷ്ക്കളങ്കമായി സമൂഹമാകുന്ന വെളിച്ചത്തെ,  അഭിമുഖീകരിക്കാൻ നന്മയുടെ പാതകൾ തിരഞ്ഞെടുക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web