"ഉണരുക, നിങ്ങളുടെ വെല്ലുവിളികളെ നേരിടുക. അവ നിങ്ങളുടെ മഹത്വത്തിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ്"ഇന്നത്തെ ചിന്താവിഷയം

"വെറുതെ ചടഞ്ഞു കൂടിയിരിക്കാതെ ഒന്ന് എണീറ്റ് വാ എന്റെ കൊച്ചേ" എന്നുള്ള അമ്മമാരുടെ ആശങ്ക നിറഞ്ഞ വിളി കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ. മക്കൾ പഠിക്കാൻ പുറകോട്ടോ, അല്ലെങ്കിൽ പരീക്ഷയിൽ പരാജയപ്പെട്ടിട്ടോ, അതുമല്ലെങ്കിൽ ജോലി കിട്ടാഞ്ഞിട്ടോ, ഇനി മറ്റെന്തെങ്കിലും വേദനിപ്പിക്കുന്ന കാര്യം അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ ഒക്കെ ആകാം ചിലർ ഇങ്ങനെ ഒതുങ്ങിക്കൂടി കഴിയുന്നത്.
ഇത് എത്ര നാൾ എന്ന് കരുതിയാണ് മറ്റുള്ളവർ, പ്രത്യേകിച്ച് അമ്മമാർ സഹിക്കുന്നത്. അപ്പോൾ അറിയാതെ ആദ്യം പറഞ്ഞതുപോലെ "ഒന്ന് എഴുന്നേറ്റ് വാ എന്റെ കൊച്ചേ" എന്ന് ആരും പറഞ്ഞു പോകും.
പരാജയത്തിന്റെ പേരിൽ, തിരിച്ചടികളുടെ, ചതിയുടെ പേരിൽ നിരാശയുടെ പടുകുഴിയിൽ മയങ്ങിക്കിടക്കാനുള്ളതല്ല മനുഷ്യജീവിതം എന്ന് ആദ്യമേ മനസ്സിലാക്കണം. ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ് എന്ന് നമ്മൾ നേരത്തെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.
ജീവിതത്തിലെ തിരിച്ചടികളും പരാജയഭീതികളുമൊക്കെ ഭയന്ന് ഓടി ഒളിക്കാൻ ശ്രമിച്ചാൽ പിന്നെ അതിനെ നേരം ഉണ്ടാവുകയുള്ളൂ. എന്ത് പ്രശ്നം ഉണ്ടായാലും അതിനെ മുഖാമുഖം നേരിടുന്നതാണ് ഏറ്റവും നല്ലത്. അതിന് മനസ്സിനെ തയ്യാറാക്കണം.
മനസ്സിൽ ഒത്തിരി ചിന്തകൾ കടന്നുവരും, ബുദ്ധി നേരാംവണ്ണം പ്രവർത്തിക്കാതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചിന്തകളെ കുടുക്കിയിടും. ഇതൊക്കെ സർവസാധാരണമാണ്.
നിങ്ങൾ നിങ്ങളുടെ കഴിവുകളെ തിരിച്ചറിയുക എന്നതാണ് ഇതിൽ നിന്നും പുറത്തു വരാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിങ്ങളുടെ സൗന്ദര്യം, വിദ്യാഭ്യാസം, നിങ്ങളുടെ കഴിവുകൾ, അഭിപ്രായങ്ങൾ, നിലപാടുകൾ ഇതെല്ലാം മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാനുള്ള ഘടകങ്ങളാണ് എന്ന് അഭിമാനപൂർവ്വം ഓർത്താൽ പ്രതിസന്ധികളും വെല്ലുവിളികളും നിങ്ങളുടെ മുന്നിൽ ഇല്ലാതാകും.
പ്രതിസന്ധികൾ, നിങ്ങളെ മഹത്വവൽക്കരിക്കാൻ വേണ്ടി ഉണ്ടാക്കിയ പാതയിലെ കേവലം ചവിട്ടുപടികൾ മാത്രമാണ്. ഓരോ ചവിട്ടുപടിയും ഉറച്ച ചുവടുകളോടെ ഓടിക്കയറി മഹത്വത്തിൻ്റെ സിംഹാസനത്തിലേയ്ക്ക് അഭിമാനത്തോടെ കയറി ഇരുന്നോളൂ.
സുഭാഷ് ടിആർ