"പ്രകടിപ്പിക്കാത്ത വികാരങ്ങൾ ഒരിക്കലും മരിക്കില്ല. അവ ജീവനോടെ കുഴിച്ച് മൂടപ്പെടുകയും പിന്നീട് കൂടുതൽ വൃത്തികെട്ട രീതിയിൽ പുറത്തുവരികയും ചെയ്യുന്നു"
പ്രപഞ്ചത്തിൽ മനുഷ്യർക്ക് മാത്രമാണോ വിചാര വികാരങ്ങൾ ഉള്ളത്.? സൂക്ഷ്മതയോടെയും കൃത്യതയോടെയും ആഴത്തിൽ പഠിച്ചാൽ നമുക്കിതിന് ഉത്തരം കിട്ടും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഏതെല്ലാം മേഖലകളിലാണ് നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിയാമോ.?
അവരുടെ കണ്ടെത്തലുകൾ പുറം ലോകത്തെ അവർ അറിയിക്കാറുമുണ്ട്. മനുഷ്യനെപ്പോലെ ജന്തു ജാലങ്ങൾക്കും സസ്യജാലങ്ങൾക്കും പ്രകൃതിക്കും എല്ലാം വികാരങ്ങളും വിചാരങ്ങളും ഉണ്ട്.
പ്രകൃതിയ്ക്ക് ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ് കൊടുങ്കാറ്റായും കൊടുംവേനലായും, അതിശൈത്യമായും അതിവൃഷ്ടിയായും നമ്മൾക്ക് അനുഭവിക്കാൻ സാധിക്കുന്നത്.
പ്രകൃതി അതിന്റെ വികാരവിക്ഷോഭങ്ങളെ അടക്കി നിർത്താതെ പുറത്തേക്ക് തള്ളുന്നത് കൊണ്ടാണ് നമ്മൾക്ക് മഴയും തണുപ്പും വേനലും ഒക്കെ അനുഭവപ്പെടുന്നത് എന്ന് ഓർക്കണം. വികാരങ്ങൾ പ്രകടിപ്പിക്കുക തന്നെ വേണം. ജന്തുജാലങ്ങൾക്കും വിചാര വികാരങ്ങൾ ഒക്കെയുണ്ട്.
അവ അത് പ്രകടിപ്പിക്കാറുമുണ്ട്. പൂച്ചയും പട്ടിയും, പശുവും കാളയും പോത്തും ഉൾപ്പെടെ മനുഷ്യൻ്റെ വളർത്തുമൃഗങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹം വിവരണത്തിന് അതീതമാണ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ്റെ വിചാരങ്ങളും വികാരങ്ങളും അവൻ പ്രകടിപ്പിച്ചിരിക്കും. ദേഷ്യമായാലും സ്നേഹമായാലും മനുഷ്യൻ അത് പുറത്തു തള്ളും. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു കൊണ്ട് തന്നെ അവർക്ക് പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുകയും ചെയ്യും.
എന്നാൽ ഇത് എല്ലാവരെ കൊണ്ടും സാധിക്കുകയുമില്ല പലരും അവരുടെ വികാരവിക്ഷോഭങ്ങൾ വിചാരങ്ങൾ ചിന്തകൾ ഒക്കെ മനസ്സിൽ ഒളിപ്പിച്ചു വെക്കാറുണ്ട്. അതിൽ നിന്നും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എന്താണെന്ന് നമുക്ക് ചിന്തിക്കാൻ പറ്റത്തില്ല.
ഏത് സാഹചര്യത്തിലും മനുഷ്യന്റെ സ്വഭാവം അടിമുടി മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. പ്രകടിപ്പിക്കാത്ത വികാരങ്ങൾ ഒരിക്കലും മരിക്കത്തില്ല. പ്രകടിപ്പിക്കാതെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന വിചാര വികാരങ്ങൾ എവിടെയെങ്കിലും ഒക്കെ കുഴിച്ചുമൂടപ്പെടുകയാണ് പതിവ്.
അങ്ങനെ അടക്കിവെക്കുന്ന സമ്മർദ്ദങ്ങളെ പുറത്തുകൊണ്ടുവരാൻ മനുഷ്യന് കഴിയണം. സ്നേഹമായാലും ദേഷ്യം ആയാലും അത് പ്രകടിപ്പിച്ചില്ലെങ്കിൽ അതിന്റെ അനുഭവങ്ങൾ വിവരണാതീതമാണ്.
ഇത്തരം വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിച്ചില്ലങ്കിൽ ജീവനോടെ കുഴിച്ചുമൂടുകയാണ് പതിവ്. പിന്നീട് ഒരു അവസരം വരുമ്പോൾ അത് ഉയർത്തെഴുന്നേൽക്കുകയും പിന്നീട് കൂടുതൽ വൃത്തികെട്ട രീതിയിൽ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും.
വിചാരങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളത് ആണെന്നുള്ള ഉത്തമ ബോധ്യത്തോടെ ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടൂ, ചിരി വരുമ്പോൾ ചിരിക്കൂ, കരച്ചിൽ വരുമ്പോൾ കരയൂ.
സുഭാഷ് ടിആർ