"നിങ്ങളെ സന്തോഷവാനായി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുക, കാരണം അത് നിങ്ങളുടെ രൂപമായി മാറുന്നു. ക്രമേണ അത് ശീലമായി മാറുന്നു, ഒടുവിൽ അത് വ്യക്തിത്വമായി മാറുന്നു"ഇന്നത്തെ ചിന്താവിഷയം 

 

 
happy

എപ്പോഴും ചിരി വിടരുന്ന മുഖമാണോ ഇഷ്ടം, അതോ ദേഷ്യവും സങ്കടവും നിറഞ്ഞ മുഖമാണോ ഇഷ്ടം എന്ന് ചോദിച്ചാൽ എന്തായിരിക്കും ആളുകൾ ഉത്തരം പറയുന്നത്.? ചിരി വിടരുന്ന മുഖം എന്നായിരിക്കും കൂടുതൽ ആളുകളും പറയുന്നത്.

മനുഷ്യരിലെ പ്രസന്ന ഭാവമാണ് എല്ലാവരെയും ആകർഷിക്കുന്നതും, എല്ലാവരും ഇഷ്ടപ്പെടുന്നതും. ജീവിതത്തിൽ എത്ര വിഷമങ്ങൾ നേരിട്ടാലും, പരാജയങ്ങൾ സംഭവിച്ചാലും യാതൊന്നും സംഭവിക്കാത്തത് പോലെ എപ്പോഴും പുഞ്ചിരിയോടെ കാണപ്പെടുന്ന മുഖങ്ങൾ നമ്മളുടെ ഓർമ്മകളിലേക്ക് കടന്നു വരാറുണ്ടല്ലോ.

അത് അത്തരം ആളുകളുടെ സ്വഭാവസവിശേഷതയാണ്. അത് ജന്മനാ കിട്ടുന്ന വലിയ  അനുഗ്രഹവും, പാരമ്പര്യമായി തലമുറകളിലേക്ക്  പകർന്നു കിട്ടുന്ന പുണ്യവും കൂടിയാണ്. എപ്പോഴും  പുഞ്ചിരിക്കുന്ന മുഖം പുറത്ത് കാണിക്കുമ്പോഴും ഒട്ടുമിക്ക ആളുകളുടെയും ഉള്ളിൽ വേദനകളുടെ, വിഷമങ്ങളുടെ, സങ്കടങ്ങളുടെ ആരോടും പറയാനാവാത്ത തിക്കുമുട്ടലുകളുടെ നെരിപ്പോടുകൾ ആയിരിക്കും.

മറ്റുള്ളവരുടെ മുന്നിൽ സങ്കടപ്പെട്ട് നടന്നാൽ, വിഷമിച്ചു നടന്നാൽ കിട്ടുന്നത് സഹതാപം ആയിരിക്കുമല്ലോ. ആ സഹതാപം കൊണ്ട് വിഷമങ്ങൾ മാറാൻ ഒരു സാദ്ധ്യതയുമില്ല. ആളുകൾ കുറച്ചുദിവസം സഹതപിച്ചാലും, ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അവരുടെ മുന്നിൽ ഒരു പരിഹാസപാത്രമായി മാറും.

അതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും പ്രസന്നവദനർ ആകാം. നമ്മുടെ ചിരിക്കുന്ന മുഖം മറ്റുള്ളവർ കാണുമ്പോൾ അവർക്കും വലിയ സന്തോഷം അനുഭവപ്പെടും. ആളുകൾ നമ്മളെ കുറിച്ച് പറയുമ്പോൾ, "എപ്പോഴും ചിരിച്ചു നടക്കുന്ന ഒരാൾ" എന്നായിരിക്കും നമ്മളെ പരിചയപ്പെടുത്തുന്നത്.

അത് നമ്മുടെ രൂപമായി മാറിക്കഴിഞ്ഞു. ആ രൂപം ആളുകളുടെ മനസ്സിൽ പതിഞ്ഞും കഴിഞ്ഞു. നമ്മുടെ പ്രസന്ന ഭാവം നമ്മുടെ ശീലമായി മാറുന്നത് നമ്മൾ അറിയാറില്ല. എന്നാൽ അത് തിരിച്ചറിയുന്നവരാണ് പുറത്തുള്ളത്. കാരണം എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നതിലൂടെ,  ഒരാളുടെ വ്യക്തിത്വത്തെ വിളിച്ചോതുകയാണ്.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web