"മറ്റൊരാളുടെ അംഗീകാരമില്ലാതെ, നിങ്ങൾക്ക് സ്വയം നല്ലതെന്ന് അനുഭവപ്പെടുന്നതാണ് യഥാർത്ഥ സന്തോഷം" ഇന്നത്തെ ചിന്താവിഷയം

മനുഷ്യർ സന്തോഷം ലഭിക്കാൻ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. കാലം ഒത്തിരി മാറിയപ്പോൾ സന്തോഷം കണ്ടെത്തുന്നതിന്റെ മേഖലകളും മാറിക്കൊണ്ടിരിക്കുകയാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ഉത്സവങ്ങളും പെരുന്നാളുകളും സിനിമകളും ആകാശവാണിയും ചിത്രഗീതങ്ങളും കഥാപ്രസംഗവും നാടകവും ഡാൻസും കച്ചേരികളും ഒക്കെയായിരുന്നു മനുഷ്യർക്ക് സന്തോഷിക്കാനുള്ള വകകൾ. ഓണവും വിഷുവും ഈസ്റ്ററും ക്രിസ്തുമസും തുടങ്ങിയ ആഘോഷങ്ങൾക്കായി കാത്തിരിക്കുമായിരുന്നു.
ഇന്നത്തെ പോലെ ആളുകൾ വിനോദ യാത്രക്ക് പോകുന്നത് തന്നെ ചുരുക്കം. ഇന്ന് മനുഷ്യർക്ക് സന്തോഷം കണ്ടെത്താൻ എത്രയോ മേഖലകൾ കിടക്കുന്നു. പണ്ട് തൊട്ടടുത്തുള്ള ഒരു ചെറു പട്ടണത്തിലേക്ക് പോകുന്നത് പോലും ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യം തന്നെയായിരുന്നു.
ഇന്നതല്ല സ്ഥിതി. അന്നൊക്കെ ഒരു പട്ടണത്തിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു പട്ടണത്തിലേക്ക് പോകുന്നതുപോലെ ആണ്, ഇന്ന് വിദേശരാജ്യങ്ങളിൽ ആളുകൾ പോയി വരുന്നത്. നമ്മൾക്ക് സന്തോഷമുണ്ടാകാൻ നമ്മൾ തന്നെയാണ് വഴിയൊരുക്കേണ്ടത്. അതൊരിക്കലും മറ്റൊരാൾ പറഞ്ഞിട്ടോ മറ്റൊരാളുടെ അംഗീകാരം കിട്ടിയിട്ടോ വേണ്ടല്ലോ. നമ്മളുടെ സന്തോഷ മേഖലകൾ നമ്മുടെ മാത്രമാണ്.
അത് ഇന്നത് ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റൊരാളാകരുത്. രണ്ടാമത് ഒരാളുടെ അഭിപ്രായത്തിന് കാത്തു നിന്നിട്ട് വേണോ നമ്മൾക്ക് സന്തോഷമുണ്ടാകാൻ. ഇതാണ് നിന്റെ സന്തോഷം, ഇതിൽ നിനക്ക് സന്തോഷം കണ്ടെത്താനാവും എന്ന് ഒരാൾ പറഞ്ഞാൽ ആ വഴിക്ക് ഇറങ്ങി പോയാൽ യഥാർത്ഥത്തിൽ സന്തോഷം കിട്ടത്തില്ലല്ലോ. നമുക്ക് എവിടെയാണോ സമാധാനവും സ്വസ്ഥതയും ഉണ്ടാവുന്നത്,
അത് നമുക്ക് സ്വയം ബോദ്ധ്യപ്പെട്ടാൽ അവിടെയാണ് നമ്മൾക്ക് സന്തോഷം ലഭിക്കുന്നത് എന്നോർത്താൽ മതി. നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് ഉപദ്രവം ആകാതിരിക്കാനും ശ്രദ്ധിക്കുക. ദൈവവിശ്വാസവും അനുഗ്രഹവും ഒരു മനുഷ്യന് ആത്യന്തികമായ സന്തോഷത്തിനുള്ള വഴികൾ ഒരുക്കിത്തരും എന്നുള്ളതിന് സംശയമില്ല. എപ്പോഴും നല്ലത് ചിന്തിക്കുക, നല്ലത് പ്രവർത്തിക്കുക. നേർ വഴിയിലൂടെ കൈപിടിച്ച് നടത്താൻ ദൈവത്തോട് പ്രാർത്ഥിക്കുക. സന്തോഷിയ്ക്കാനുള്ള അത്ഭുത വഴികളിലേക്ക് നമ്മൾ സ്വയം ആനയിക്കപ്പെടുന്നത് കാണാം.
"ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽകീർത്തി ആയത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അതൊക്കെയും ചിന്തിച്ചു കൊള്ളുവിൻ"
(ഫിലിപ്പിയർ 4:8)