"വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം" ഇന്നത്തെ ചിന്താവിഷയം

ഒരാൾ, ധാരാളം പശുക്കളെ വളർത്തിയിരുന്നു. പറമ്പിന് ചുറ്റും വേലിയൊക്കെ കെട്ടി വളരെ സുരക്ഷിതമായിട്ടാണ് പശുക്കളെ വളർത്തിയിരുന്നത്. ഈ പശുക്കളുടെ കൂട്ടത്തിൽ ഒരു പശു സ്ഥിരമായി ആ വേലി ചാടി പുറത്തുപോകും.
വേലി ചാടിയ പശുവിനെ അയാൾ തിരിച്ചുകൊണ്ടു വരും, പൊളിഞ്ഞ വേലി കെട്ടും, പശു പിന്നെയും ചാടും. ക്ഷമ കെട്ട അയാൾ പശുവിനെ വടികൊണ്ട് അടിച്ചുകൊന്നു. ഇതാണ് ആ പഴഞ്ചൊല്ലിന്റെ അർത്ഥം.
എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട് എന്ന് പഴഞ്ചൊല്ല് ഓർമ്മിപ്പിക്കുന്നു. സമൂഹത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന അനേകം ആളുകൾ ഉണ്ടല്ലോ. മോഷ്ടാക്കളും, മദ്യപാനികളും, കൊലപാതകികളും, തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന അനേകം ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. വാളെടുത്തവൻ വാളാൽ എന്ന പോലെയാണ് ഇവരുടെ ജീവിതവും.
നന്മയ്ക്ക് പ്രതിഫലം നന്മയും തിന്മയ്ക്ക് പ്രതിഫലം തിന്മയും ആണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ചിലർക്ക് ഒരു രസമാണ്, ഹരമാണ്. മറ്റുള്ളവരുടെ ഉയർച്ചയിലും വളർച്ചയിലും കണ്ണുകടിയുള്ള, അസൂയാലുക്കളായ ആളുകളാണ് മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്.
വേലി ചാടിയ പശുവിന്റെ അവസ്ഥയായിരിക്കും ഇവർക്കും ലഭിക്കുന്നപ്രതിഫലം. വെറുതെ എന്തിനാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. മറ്റുള്ളവരെ ദ്രോഹിക്കാൻ ആരാണ് അധികാരം തന്നിരിക്കുന്നത്.?
മനസ്സിൽ നിന്നും ദുഷിച്ച ചിന്തകളെ എന്നെന്നേക്കുമായി കളയുക. അന്യരെ വേദനിപ്പിക്കുന്ന ഒരു പ്രവൃർത്തിയും ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ നാശമായിരിക്കും അതിന് ലഭിക്കുന്ന ഫലം. "ദുഷ്ടരുടെ പ്രതിഫലം നിങ്ങളുടെ കണ്ണ് കൊണ്ട് തന്നെ നിങ്ങൾ കാണും" എന്ന ബൈബിൾ വചനം ഓർമ്മയിൽ വയ്ക്കുന്നത് നല്ലതാണ്.
സുഭാഷ് ടി ആർ