"ഭൗതിക ലോകത്തിലെ ആളുകളെ ആകർഷിക്കാൻ നിങ്ങൾ നിങ്ങളുടെ അഹങ്കാരത്തെ സജീവമായി നിലനിർത്തണം. ദൈവികതയെ ആകർഷിക്കണമെങ്കിൽ നിങ്ങൾ നിങ്ങളുടെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ട്"

'ഭൗതിക ലോകത്തിലെ ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ അഹങ്കാരത്തെ സജീവമായി നിലനിര്‍ത്തണം. ദൈവികതയെ ആകര്‍ഷിക്കണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ട്'
ആളുകളെ ആകര്‍ഷിക്കാന്‍ ഇന്ന് മനുഷ്യന്‍ എന്തെല്ലാം വേഷം കെട്ടലുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ കാണുന്നുണ്ടല്ലോ. എങ്ങനെയെങ്കിലും ഒക്കെ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയാല്‍ മതി എന്നാണ് ആളുകളുടെ വിചാരം.
അത് ഓരോരുത്തരുടെയും നിലവാരമനുസരിച്ച് ആണ് അവര്‍ തിരഞ്ഞെടുക്കുന്നത്. ഇന്നത്തെ സമൂഹമാധ്യമങ്ങളില്‍ കൂടി ഒന്ന് കടന്നു പോയാല്‍ നമുക്കത് വ്യക്തമാകും. രാഷ്ട്രീയവും സാമൂഹികവും മതപരവുമായ മേഖലകളിലെ നേതൃത്വം ആണ് എല്ലാ കാലത്തും ജനങ്ങളെ ആകര്‍ഷിക്കാനായി, ആളുകള്‍ കൂടുതലും തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്.
ഈ രംഗത്ത് ഒക്കെ ശോഭിക്കണമെങ്കില്‍ കുറച്ച് ഡംഭും, പത്രാസും ഒക്കെ ആകാം എന്നൊരു തെറ്റിദ്ധാരണ അതിന്റെ നേതാക്കളില്‍ ഉളവാകുന്നുണ്ടോ എന്ന് നമുക്ക് തോന്നാറുമുണ്ട്. അതിന് പുറമേ കുറച്ച് അഹങ്കാരവും പെരുമാറ്റത്തില്‍ വന്നുചേര്‍ന്നാല്‍ മറ്റൊന്നും പറയാനില്ല. ജനങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ധാര്‍ഷ്ട്യത്തിന് കീഴില്‍ അടിമകളാകും.
ഭൗതിക ജീവിതത്തില്‍ ധിക്കാരവും അഹംഭാവവും എന്നും നിലനിര്‍ത്തി ജനങ്ങളുടെ പ്രീതി നേടാന്‍ നിങ്ങള്‍ അക്ഷീണം പ്രയത്‌നിക്കേണ്ടി വരും എന്നത് മറ്റൊരു കാര്യം. ഈ അംഗീകാരം ഒക്കെ ക്ഷണികമാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിന്റെ ആത്മീയ വശം തികച്ചും വ്യത്യസ്തമാണ്. ആത്മീയമായ ഔന്നത്യം പ്രാപിക്കണമെങ്കില്‍ ധിക്കാരവും ധാര്‍ഷ്ട്യവും അഹംഭാവവും കൊണ്ട് ഒരു കാര്യവുമില്ല.
എളിമയും വിനയവും പരജീവി സ്‌നേഹവും ഔദാര്യമനോഭാവവും ഒക്കെ ഉണ്ടായാല്‍ ദൈവീകതയെ നിങ്ങള്‍ക്ക് ആകര്‍ഷിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയമായ ശാന്തി അത് ഭൗതിക ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകാരമാകും. അങ്ങനെ ലഭിക്കുന്ന കഴിവുകൊണ്ട് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അത് ശാശ്വതമായ നേട്ടം തന്നെയാണ്.
സ്വയം അഹങ്കരിച്ചും മറ്റുള്ളവരെ ഭയപ്പെടുത്തിയും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാം എന്നും, നിലനിര്‍ത്താം എന്നും കരുതുന്നത് മൗഢ്യമാണ് എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.