ഇന്നത്തെ ചിന്താവിഷയം - 'നമ്മള്‍ താല്‍ക്കാലികമായ നിരാശയെ അംഗീകരിക്കണം, പക്ഷേ ഒരിക്കലും അനന്തമായ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്'
ജീവിതം പ്രതീക്ഷകളും നിരാശകളും ഒക്കെ നിറഞ്ഞതല്ലേ. മനുഷ്യര്‍ക്ക് എപ്പോഴും സുഖവും എപ്പോഴും ദുഃഖവും ഉണ്ടാകാറില്ലല്ലോ.
നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന, 'ഒരു ഇറക്കത്തിന് ഒരു കയറ്റവും ഉണ്ട്, ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ട്'എന്ന നാടന്‍ ചൊല്ലുകള്‍ ഇതിന് സാധൂകരിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഒന്നാം സമ്മാനം ഒരാള്‍ക്ക് മാത്രമല്ലേ സാധാരണയായി കിട്ടാറുള്ളൂ.
രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തുന്നവരും വിജയികളാണ്. എന്നാല്‍ മത്സരത്തില്‍ നാലാം സ്ഥാനത്തിന് പുറകില്‍ പോകുന്നവരും മറ്റൊരര്‍ത്ഥത്തില്‍ വിജയികളാണ്.
മത്സരത്തില്‍ പങ്കെടുക്കുക എന്ന ധീരമായ തീരുമാനം അവര്‍ കൈക്കൊള്ളുമ്പോള്‍ അവരുടെ സാന്നിധ്യം മത്സരത്തില്‍ ഉണ്ടാവുന്നത് തന്നെ വിജയത്തിന് തുല്യമാണ്.
ഒന്നാമത് എത്താന്‍ വേണ്ടിയാണല്ലോ എല്ലാവരും മത്സരിക്കുന്നത്. അത് പരീക്ഷയില്‍ ആയാലും കളികളില്‍ ആയാലും ജീവിത മത്സരത്തില്‍ ആയാലും എല്ലാം ഒരുപോലെ തന്നെയാണ്. പരാജയം ഒരു താല്‍ക്കാലികമായ അവസ്ഥയാണ്.
പരാജയത്തെ അംഗീകരിക്കാനുള്ള മനസ്സാണ്, നമ്മുടെ പിന്നീടുള്ള വിജയത്തിന് ആക്കം കൂട്ടുന്നത്. പുറകില്‍ ആയിപ്പോയല്ലോ അല്ലെങ്കില്‍ ഉദ്ദേശിച്ച കാര്യം നേടിയെടുക്കാന്‍ പറ്റിയില്ലല്ലോ, യാത്രകള്‍ സഫലമായില്ലല്ലോ എന്നൊക്കെ ഓര്‍ത്ത് നമ്മള്‍ നിരാശപ്പെടാറുണ്ട്.
നിരാശ ആശയുടെ സൃഷ്ടിയാണ്. ആശിക്കുക, നിരാശയും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ വേണം കാര്യങ്ങളെ അഭിമുഖീകരിക്കുവാന്‍. എത്രമാത്രം ജീവിതത്തില്‍ പുറകോട്ട് പോകുമ്പോഴും, അടുത്ത തവണ വിജയം ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ ആണ് ഒരോ മനുഷ്യനും ജീവിക്കുന്നത്. പ്രതീക്ഷകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക. പ്രത്യാശയില്‍ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി വിജയത്തിലേക്ക് കുതിച്ചുപായൂ.